കൊല്ലപ്പടി - ചാമോറ - വേനപ്പാറ റോഡ് തകർന്നു; തിരിഞ്ഞുനോക്കാതെ ഓമശേരി പഞ്ചായത്ത്
1596263
Wednesday, October 1, 2025 7:58 AM IST
താമരശേരി: ഓമശേരി പഞ്ചായത്തിലെ കൊല്ലപ്പടി -ചാമോറ- വേനപ്പാറ റോഡ് പൊട്ടിപൊളിഞ്ഞു യാത്ര ദൃഷ്കരമായിട്ട് വർഷങ്ങൾ. പല തവണ റോഡിന്റെ നിജസ്ഥിതി പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇപ്പോൾ ഈ റോഡിലൂടെ കാൽനട യാത്ര പോലും പ്രയാസമാണ്.
85 വർഷത്തെ പഴക്കമുള്ള എട്ട് മീറ്റർ വീതിയുള്ള മലയോര മേഖലയിലെ ആദ്യകാലത്തുള്ള റോഡാണിത്. മുൻപ് ആറ് സ്വകാര്യ ബസുകളും ഒരു കെഎസ്ആർടിസി ബസും ഈ വഴി സർവീസ് നടത്തിയിരുന്നു. റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായതോടെ ബസുകളുടെ ഓട്ടം നിലച്ചു.
ഇപ്പോൾ നിലവിൽ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. റോഡിന്റെ ശോചനീയാവസ്ഥ രൂക്ഷമായ സ്ഥിതിയ്ക്ക് ഓടിക്കൊണ്ടിരിക്കുന്ന ഏക ബസും ഓട്ടം നിർത്തുന്ന സ്ഥിതിയിലാണ്.
നിലവിൽ ഇരുപതോളം സ്കൂൾ ബസുകൾ ഈ റോഡിലൂടെ ദുരിതയാത്ര നടത്തുന്നുണ്ട്. നിരവധി ആരാധനാലയങ്ങൾ, മൂന്ന് സ്കൂളുകൾ എന്നിവ ഈ പ്രദേശത്തുണ്ട്. എന്നിട്ടും പഞ്ചായത്ത് അധികാരികളോ ജനപ്രതിനിധികളോ യാതൊരുവിധ ഇടപെടലും നടത്താതെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന ആരോപണമുയരുന്നുണ്ട്. നാലര കിലോമീറ്റർ ദൂരത്തിലാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്.
കാലങ്ങളായി പല നിവേദനങ്ങളും അപേക്ഷകളും സ്ഥലം എംഎൽഎ, എംപി, പ്രാദേശിക ഭരണകൂട ജനപ്രതിനിധികൾ, വാർഡ് മെമ്പർമാർ എന്നിവർക്കെല്ലാം കൊടുത്തുവെങ്കിലും യാതൊരുവിധ പരിഗണനയും ലഭിച്ചിട്ടില്ല. റോഡിനോടുള്ള അധികാരികളുടെ അവഗണനയിൽ ജനകീയ കൂട്ടായ്മയിൽ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് നാട്ടുകാർ. നിലവിൽ താമരശേരിയിൽ നിന്ന് തിരുവമ്പാടിയിലേക്ക് ബൈപാസാക്കി ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും ദൂരം കുറഞ്ഞ റോഡു കൂടിയാണിത്.