കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടി കര്‍ഷകര്‍
1596477
Friday, October 3, 2025 4:59 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായി. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയാണ് കാട്ടുപന്നികള്‍. വിളവെടുക്കാനായ കപ്പ, ചേന, ചേമ്പ്, മറ്റു ഇടവിള കൃഷികളാണ് കൂട്ടമായി ഇറങ്ങുന്ന കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതി യോഗത്തിലെ തീരുമാനം പ്രകാരം ഷൂട്ടര്‍മാരെ ഉപയോഗിച്ച് കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാന്‍ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട പുളിവയലിലെ കര്ഷകന് ഒറ്റപ്ലാക്കല്‍ മൈക്കിളിന്റെ കൃഷിയിടത്തിലെ വിളവെടുക്കാന്‍ പ്രായമായ കപ്പ കൃഷി കാട്ടുപന്നികള്‍ തകര്‍ത്തു.
പതിമൂന്നാം വാര്‍ഡ് ശങ്കരവയലിലെ ദര്‍ശന കുടുംബശ്രീയുടെ നേതൃത്വത്തില്‍ നട്ടുപരിപാലിച്ച മഞ്ഞള്‍ കൃഷിയും കാട്ടുപന്നികള്‍ നശിപ്പിച്ചു. രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട കോയിപ്പറമ്പിലെ കര്ഷകന് സ്രാമ്പിക്കല്‍ അബ്രഹാമിന്റെ കപ്പകൃഷി, പനോംവയലിലെ നെല്ലിക്കല്‍ സൂരജിന്റെ കാപ്പി, കുരുമുളക്, ഏലം തുടങ്ങിയ കൃഷിവിളകളും കാട്ടുപന്നികള്‍ നശിപ്പിച്ചു.
വന്‍തുക ചെലവഴിച്ചു കൃഷി ചെയ്തുവരുന്ന വിളകളാണ് നശിപ്പിക്കുന്നത്. കൃഷിനാശത്തിന് അടിയന്തരമായി നഷ്ടപരിഹാര തുക അനുവദിക്കണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
വന്യജീവി ശല്യം: പെരുവണ്ണാമൂഴി റെയ്ഞ്ചില്‍ ലഭിച്ചത് 904 പരാതികള്‍
പേരാമ്പ്ര: സെപ്റ്റംബര്‍ 16 മുതല്‍ 30 വരെ വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ മനുഷ്യ - വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന്റെ പരിധിയില്‍ നിന്നു് മൊത്തം 904 പരാതികള്‍ ലഭിച്ചു.
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ഏര്‍പ്പെടുത്തിയ ഹെല്‍പ്പ് ഡെസ്ക് വഴി 502 പരാതികള്‍ കിട്ടി. റെയിഞ്ച് ഓഫീസില്‍ നേരിട്ട് 31 പരാതികളും ലഭിച്ചു. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തില്‍ നിന്ന് 351 പരാതികളാണ് കിട്ടിയതെങ്കില് പനങ്ങാട് പഞ്ചായത്തില്‍ നിന്ന് 18 എണ്ണമാണ് ലഭിച്ചത്.