വേതന പാക്കേജ്: സര്‍ക്കാര്‍ കബളിപ്പിക്കുന്നുവെന്ന് റേഷന്‍ വ്യാപാരികള്‍
1596266
Wednesday, October 1, 2025 7:58 AM IST
കോഴിക്കോട്: വേതന പാക്കേജിന്റെ പേരില്‍ സര്‍ക്കാര്‍ കബളിപ്പിക്കുന്നുവെന്ന് റേഷന്‍വ്യാപാരികള്‍.ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സമരരംഗത്തേക്കു കടക്കുമ്പോള്‍ ആശ്വാസവാക്കുകളുമായി ഭക്ഷ്യമന്ത്രി പതിവായി റേഷന്‍ വ്യാപാരികളെ ആശ്വസിപ്പിച്ചു കബളിപ്പിക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി.
രണ്ട് വര്‍ഷം എംഎല്‍എ ആയവര്‍ക്ക് പോലും പെന്ഷന് നല്കുന്ന കേരളത്തില്‍ 70 വയസുകഴിഞ്ഞ വ്യാപാരികള്‍ വിരമിക്കല്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ പരിഞ്ഞുപോകേണ്ട അവസ്ഥയാണ്. 2018ല്‍ പ്രഥമ വേതന പാക്കേജ് അംഗീകാരവേളയില്‍ 18,000 രൂപ അടിസ്ഥാന വേതനമായി ഒരോ വ്യാപാരികള്‍ക്കും ലഭിക്കുന്നുണ്ടെന്ന തെറ്റായ സന്ദേശമാണ് പ്രചരിക്കപ്പെട്ടത്.
വേതന പാക്കേജില്‍ 45 ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ വില്‍പ്പന നടത്തുന്ന റേഷന്‍ വ്യാപാരികള്‍ക്ക് ക്വിന്റലിന് 220 രൂപ തോതില്‍ 9900 കമ്മീഷനും 8100 രൂപ സപ്പോട്ടിങ്ങ് പേയ്മെന്റ് ഉള്‍പ്പെടെയാണ് 18000 രൂപ വേതനമായി ലഭിക്കുന്നത്. ഈ പാക്കേജിന്റെ പരിധിയിലുള്ള ആനുകൂല്യങ്ങള്‍ പോലും ലഭിക്കാത്ത മുവ്വായിരത്തോളം കടകളുടെ വരുമാനം പരമദയനീയമാണ്.
45 ക്വിന്റലിനു താഴെ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ക്ക് സപ്പോട്ടിംഗ് പേയ്മെന്റ് ഇല്ലാതെ കിന്റലിന് 220 രൂപ തോതിലുള്ള കമ്മീഷന് മാത്രമാണ് ലഭിക്കുന്നത്. പ്രതിമാസം 6000 രൂപ മുതല്‍ 9899 രൂപ വരെ വേതനം ലഭിക്കുന്നവരാണ് ഇവര്‍. ഈ വേതനപാക്കേജ് അംഗീകരിച്ചവേളയില് 14400 റേഷന്‍കടകള്‍ നമ്മുടെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത് 13900ലും താഴെ കടകളായി ചുരുങ്ങി. ഇത്രയും കൂടുതല്‍ കടകള്‍ കൊഴിഞ്ഞു പോയത് കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ കഴിയാത്തത് കൊണ്ടാണെന്ന് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി പറഞ്ഞു.
പ്രതിമാസം 45 കിന്റലിനുമുകളില് വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ക്ക് ക്വിന്റലിന് 180 രൂപ തോതില്‍ കമ്മീഷന് ലഭിക്കുന്നതാണ്.18000ത്തിനു മുകളില്‍ 30000 രൂപ വരെ കമ്മീഷന് ലഭിക്കുന്നവരായി 8500 കടക്കാരുണ്ട്.
ലൈസന്‍സിക്ക് പുറമേ ഫുള്‍ടൈം സെയില്‍സ്മാനും ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്ക് ചെയ്യാന്‍ മിനിമം 300 സ്ക്വര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കടമുറികളും എക്സ്പ്ലോസീവ് നിയമത്തിന്റെ പരിരക്ഷയുള്ള മണ്ണെണ്ണ സ്റ്റോക്ക് ചെയ്യുന്നതിന്ന് മറ്റൊരു അഡീഷണല്‍ കടറൂമും റേഷന്‍കടകളുടെ പ്രവര്‍ത്തനത്തിന് വേണം.
ശരാശരി 30000ത്തിനു മുകളില്‍ വരുമാനം ലഭിക്കുന്ന കടകള്‍ക്ക് കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിന് ഒന്നിലധികം കടമുറികളും മണ്ണെണ്ണ സ്റ്റോക്ക് ചെയ്യുന്നതിന്ന് അഡീഷണല്‍ കടറൂമും ലൈസന്‍സിക്ക് പുറമെ ഒരു ഫുള്ടൈംസെയില്സ്മാനും പാര്‍ട്ട് ടൈമായി രണ്ടാമതൊരു ജിവനക്കാരനും അനിവാര്യമാണ്. ചിലയിടങ്ങളില്‍ ഒരു ഹെല്‍പ്പര്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ജനസമ്പര്‍ക്ക പരിപാടിയുമായി എത്തിയ മിക്ക കേന്ദ്രങ്ങളിലും വേതനപാക്കേജ് പരിഷ്കരണത്തിനു വേണ്ടിയുള്ള നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു.എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല.