ജില്ലാ ക്ഷീരകർഷക അവാർഡ് തിളക്കത്തിൽ കൂരാച്ചുണ്ടിലെ യുവ കർഷകർ
1596262
Wednesday, October 1, 2025 7:58 AM IST
കൂരാച്ചുണ്ട്: ക്ഷീരോത്പാദന മേഖലയിൽ മികവുറ്റ വിജയം കൈവരിച്ച് കൂരാച്ചുണ്ട് സ്വദേശികളായ യുവക്ഷീര കർഷകർ ജില്ലാ ക്ഷീരവികസന വകുപ്പിന്റെ അവാർഡിന് അർഹരായി. കൂരാച്ചുണ്ട് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ അംഗങ്ങളായ കീർത്തി റാണി കരിമ്പനക്കുഴി മികച്ച വനിതാ ക്ഷീര കർഷകയായും ദീപു കിഴക്കേനകത്ത് യുവ ക്ഷീര കർഷകനായും തെരഞ്ഞെടുക്കപ്പെട്ടു.
മേപ്പയ്യൂരിൽ വച്ച് നടന്ന ക്ഷീര വികസന വകുപ്പിന്റെ കോഴിക്കോട് ജില്ലാ ക്ഷീര സംഗമത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് ദീപുവിനും, മിൽമ ചെയർമാൻ കെ.എസ്. മണി കീർത്തി റാണിക്കും പുരസ്കാരം നൽകി. ജില്ലയിലെ മികച്ച ക്ഷേമ നിധി അംഗത്തിനുള്ള കർഷക അവാർഡും കീർത്തി റാണിക്കാണ് ലഭിച്ചത്.
20 വർഷത്തിലധികമായി ക്ഷീര രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന കർഷകയായ കീർത്തി റാണി പതിനൊന്ന് വർഷത്തോളമായി ഫാം നടത്തി വരികയാണ്. കൂരാച്ചുണ്ട് ക്ഷീരോല്പാദക സൊസൈറ്റിയക്ക് ഇവർ പ്രതിദിനം 300 ലിറ്ററിലധികം പാൽ അളക്കുന്നുണ്ട്. 2019 മുതൽ ജില്ലയിലെ മികച്ച ക്ഷീര കർഷകയ്ക്കുള്ള പുരസ്കാര ജേതാവുമാണ്. ജഴ്സി എച്ച്എഫ് വിഭാഗത്തിൽപ്പെട്ട 21 പശുക്കളും രണ്ട് എരുമകളുമുണ്ട്. ഭർത്താവ് സിജു കുര്യൻ. മക്കൾ: ജാക്സ് വർഗീസ്, ജെറിൽ വർഗീസ് എന്നിവരുടെ പ്രോത്സാഹനവും സഹായവുമാണ് കരുത്തെന്ന് കീർത്തി പറയുന്നു.
2020-ലാണ് യുവ ക്ഷീര കർഷകനായ ദീപു കിഴക്കേനകത്ത് ഫാമിന് തുടക്കം കുറിക്കുന്നത്. ക്ഷീര മേഖലയോടുള്ള താത്പര്യത്തെ തുടർന്ന് ദുബായ് എമിറേറ്റ്സ് എൻബിഡി ബാങ്കിൽ ചീഫ് കാഷ്യറായി ജോലി ചെയ്തുവന്ന ദീപു ജോലി ഉപേക്ഷിച്ചുകൊണ്ടാണ് ചെറിയതോതിൽ ഫാമിന് തുടക്കമിട്ടത്. ഇപ്പോൾ പതിനഞ്ച് കറവപശുക്കളും, കിടാങ്ങൾ, എരുമ ഉൾപ്പടെയുള്ള ഫാമായി മാറിക്കഴിഞ്ഞു. എച്എഫ് ഇനം പശുക്കളാണ് കൂടുതലായി ഫാമിലുള്ളത്. ദിവസേന 200 ലിറ്റർ പാൽ കൂരാച്ചുണ്ട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ അളന്ന് വരുന്നുണ്ട്. യന്ത്ര സഹായത്തോടെയാണ് കറവ നടത്തുന്നത്. കൂരാച്ചുണ്ട് വട്ടച്ചിറ കിഴക്കേനകത്ത് ഏബ്രഹാം- വത്സ ദമ്പതിമാരുടെ മകനാണ് ദീപു.