ഡോക്ടറുടെ വീട്ടിലെ കവര്‍ച്ച: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന
1596270
Wednesday, October 1, 2025 7:58 AM IST
കോഴിക്കോട്: ഡോക്ടറുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 45 പവന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. നിരവധി മോഷണകേസുകളിലുള്പ്പെട്ടയാളാണ് കവര്‍ച്ച നടത്തിയതെന്നാണ് വിവരം.
ചേവായൂര്‍ ഇന്‍സ്പക്ടര്‍ മഹേഷും സിറ്റി ക്രൈംസ്ക്വാഡും പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് ചേവരമ്പലം പുതിയോട്ടില്‍ പറമ്പില്‍ അശ്വതി നിവാസില്‍ ഡോ. ഗായത്രിയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാര തകര്‍ത്താണ് മോഷണം നടത്തിയത്. ഡോക്ടറും കുടുംബവും വീട് പൂട്ടി തിരുവനന്തപുരത്ത് പോയതായിരുന്നു. ഞായറാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. തുടര്‍ന്ന് ചേവായൂര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.