കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ വിദഗ്ധ സംഘം ഇന്ന് പരിശോധിക്കും
1596469
Friday, October 3, 2025 4:38 AM IST
കോഴിക്കോട്: കോടികള്‍ മുടക്കി നിര്‍മിച്ച കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം സംബന്ധിച്ച പരിശോധന ഇന്ന് ആരംഭിക്കും. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലെ വിദഗ്ധ സംഘമാണ് രണ്ടു ദിവസങ്ങളിലായി പരിശോധന നടത്തുക.
നേരത്തെ മദ്രാസ് ഐഐടി സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയതിനു പുറമേയാണിത്. കെട്ടിടം പാട്ടത്തിനെടുത്ത ആലിഫ് ബില്‍ഡേഴ്സിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലെ വിദഗ്ധ സംഘം പരിശോധിക്കണമെന്ന് ജൂലൈ പതിനെട്ടിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കെട്ടിടത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിന് ആവശ്യമായ തുക നിശ്ചയിക്കാന്‍ പെതുമരാമത്ത് വകുപ്പിനെയോ തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലെ വിദഗ്ധ സംഘത്തേയൊ നിയോഗിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് കണ്‍സള്‍ട്ടന്‍സി ആന്‍ഡ് സ്പോണ്‍സേര്‍ഡ് റിസര്‍ച്ചിലെ വിദഗ്ധരാണ് ഇന്ന് എത്തുന്നത്. 2021നാണ് ആലിഫ് ബില്‍ഡേഴ്സ് കെട്ടിടം പാട്ടത്തിനെടുത്തത്. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനാണ് കെഎസ്ആര്‍ടിസി ടെര്മനിലിനുവേണ്ടി 75 കോടി ചെലവില്‍ രണ്ടുകെട്ടിടം നിര്‍മിച്ചത്.
ബസ് പാര്ക്കിംഗിനുപുറമേ ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള മുറികളും മറ്റും ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മാണം. 2015ലാണ് നഗരത്തില്‍ വലിയ വികസനത്തിനു വഴിവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കെട്ടിടം തുറന്നുകൊടുത്തത്. എന്നാല്‍ 2021 വരെ ആരും കെട്ടിടം പാട്ടത്തിന് എടുക്കാന്‍ മുന്നോട്ടുവന്നില്ല.
അതുവരെ ഈ കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. കെട്ടിടത്തില്‍ ചോര്‍ച്ചയുണ്ടാവുകയും വെള്ളം കെട്ടിക്കിടക്കുകയും ചെയ്തു. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് പഠിക്കാന്‍ മദ്രാസ് ഐഐടിയിലെ വിദഗ്ധരെ നിയോഗിച്ചിരുന്നു. അവര്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
കെട്ടിടത്തിന്റെ ബീമിലും തൂണുകളിലും ബലക്ഷയമുണ്ടെന്ന് സംഘം കണ്ടെത്തിയിരുന്നു. 90 ശതമാനം തൂണുകളും 80 ശതമാനം സ്ളാബുകളും ബലപ്പെടുത്തണമെന്ന് സംഘം നിർദേശിച്ചിരുന്നു. തൂണുകളും വിള്ളലുകളും സിമെന്റും മറ്റും ഉപയോഗിച്ച് അടയ്ക്കണമെന്നും ഇതിന് ഏതാണ്ട് 32.70 കോടി രൂപ ചെലവുവരുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് ഡിസൈന്‍ ചെയ്ത ആര്‍ക്കിടെക്ടിനു പിഴ ചുമത്തണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ബലപ്പെടുത്തുന്നതിനുള്ള നടപടികളും ആരംഭിച്ചില്ല. ഇതിനിടയിലാണ് അറ്റകുറ്റപണി പൂര്‍ത്തീകരിച്ച് കൈമാറിയിട്ടില്ലെന്ന് കാണിച്ച് ആരിഫ് ബില്‍ഡേഴ്സ് ഹൈക്കോടതിയെ സമീപിച്ചത്. കെട്ടിടത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിന് ആവശ്യമായ തുക നിശ്ചയിക്കുന്നതിന് പിഡബ്ല്യുഡിയേയോ തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിനെയോ നിയോഗിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പാട്ടത്തിനെടുത്തുവെങ്കിലും കെട്ടിടത്തിന് തകരാറുള്ള സാഹചര്യത്തില്‍ വാടക നല്കാന് ഇവര്‍ തയാറായിട്ടില്ല. പാട്ടത്തിനെടുത്ത കെട്ടിടം തങ്ങള്‍ക്കു കൈമാറിയിട്ടില്ലെന്നാണ് ഇവരുടെ വാദം. എന്നാല്‍ ടെര്‍മിനലിലെ നിലിവിലുള്ള അവസ്ഥയിലാണ് കെട്ടിടം കൈമാറിയതെന്നും കരാറുകാരാണ് അറ്റകുറ്റപണി നടത്തേണ്ടതെന്നുമാണ് സര്‍ക്കാര്‍ വാദം. ശൗചാലയത്തില്‍നിന്ന് ഫീസ് ഈടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് കരാറുകാരാണെന്നും സര്‍ക്കാര്‍ പറയുന്നു.