അഭിമാന നേട്ടവുമായി നടക്കാവ് ഗവ. വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ്
1596271
Wednesday, October 1, 2025 7:58 AM IST
കോഴിക്കോട്: രാജ്യത്തെ മികച്ച സ്കൂളുകളുടെ പട്ടികയില്‍ വീണ്ടും ഇടംപിടിച്ച് നടക്കാവ് ഗവ. വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ്. 19-ാമത് എഡ്യുക്കേഷന്‍ വേള്‍ഡ് ഇന്ത്യ സ്കൂള്‍ റാങ്കിംഗ് പട്ടികയിലാണ് നടക്കാവ് സ്കൂള്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. ‘സ്റ്റേറ്റ് ഗവണ്മെന്റ് ഡേ സ്കൂളുകള്‍' വിഭാഗത്തിലാണ് നടക്കാവ് സ്കൂളിന്റെ നേട്ടം. യുപി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലംവരെ മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന നടക്കാവ് സ്കൂള്‍ വിവിധ തലങ്ങളില്‍ വര്‍ഷങ്ങളായി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
2012ല്‍ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ ഈ സ്കൂളില്‍ ‘പ്രിസം' പദ്ധതി ആരംഭിച്ചിരുന്നു. 20 കോടിയാണ് ഫൗണ്ടേഷന് സ്കൂളിന്റെ വളര്‍ച്ചക്കായി വിനിയോഗിച്ചത്. 1893ൽ മോയിന്‍ ട്രെയിനിംഗ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ആരംഭത്തില്‍ വിദ്യാലയം ഏലിമെന്ററി ആന്‍ഡ് ട്രെയിനിംഗ് സ്കൂളായിരുന്നു. 1947ല്‍ നാലാം ഫോം ആരംഭിച്ച് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1962 ല്‍ എല്‍പി വിഭാഗവും ട്രെയിനിംഗ് സ്കൂളും ഇവിടെ നിന്നും മാറ്റപ്പെട്ടു. 1990ല്‍ വിഎച്ച്എസ്ഇയുടെ രണ്ട് കോഴ്സുകള്‍ ആരംഭിച്ചുകൊണ്ട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.
1995 ല്‍ അഞ്ചാം ക്ലാസുമുതല്‍ സമാന്തര ഇംഗ്ളീഷ് മീഡിയം ഡിവിഷന്ആരംഭിച്ചു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗവും വിഎച്ച്എസ്ഇയുടെ മൂന്നാം ബാച്ചും പ്രവര്‍ത്തനമാരംഭിച്ചു. 2009ല്‍ ഇന്റര്‍നാഷണല്‍ സ്കൂളുകളായി ഉയര്‍ത്തപ്പെടുന്ന സ്കൂളുകളുടെ പട്ടികയില്‍ ഈ വിദ്യാലയവും ഇടംപിടിച്ചു.
കോഴിക്കോട് കോര്‍പറേഷനില്‍ മൂന്നാം വാര്‍ഡില്‍ 3.42 ഏക്കര്‍ ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് അഞ്ചു കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങള്‍ക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലാബുകളുമുണ്ട്. ഫുട്ബോള്‍, ബോക്സിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് എന്നീ മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചേരാന്‍ നടക്കാവ് സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.