ചൂരണിയിൽ വീണ്ടും കാട്ടാന: യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1596268
Wednesday, October 1, 2025 7:58 AM IST
കുറ്റ്യാടി: കാവിലുംപാറ ചൂരണി താഴ്വാരത്തെ റോഡിൽ കാട്ടാന ഇറങ്ങി.ഇന്നലെ രാവിലെയാണ് കാട്ടാന ഇറങ്ങിയത്. റോഡിലൂടെ ജോലിക്ക് പോവുകയായിരുന്ന ചൂരണിയിലെ നരിവേലിൽ ഷിബു ആനയ്ക്ക് മുന്നിൽപ്പെട്ടു. ആനയെ കണ്ട് ഷിബു തിരിഞ്ഞ് ഓടിയെങ്കിലും ചിന്നം വിളിച്ചുകൊണ്ട് ആന ഷിബുവിന് പിന്നാലെ ഓടി. ആന തൊട്ടടുത്ത് എത്തി എന്ന് മനസിലായതോടെ ഷിബു റോഡിൽനിന്നും താഴ്ച്ചയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
കൊക്കപോലുള്ള താഴ്ച്ചയിലേക്കാണ് ഷിബു ചാടിയതെങ്കിലും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. തുടർന്ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. താഴെ പൂതംപാറയിൽ നിന്നും അധികം ദൂരെയല്ലാത്ത ചൂരണി താഴ്വാരത്ത് കൂടി ആനയെ കണ്ടതോടെ ഭീതിയിലാണ് നാട്ടുകാർ.
കുറ്റ്യാടി ഫോറസ്റ്റ് അധികൃതരും, ഫോറസ്റ്റ് ആർആർടി ടീമും ചുരണിയിലെത്തി കാൽപ്പാടുകൾ പിന്തുടർന്ന് ആനയെ കാട്ടിലേക്ക് ഓടിച്ചു.