കൽപ്പറ്റ: തരിയോട് പഞ്ചായത്തിലെ കാവുമന്ദം ഐക്കരപ്പടിയിൽ സ്വകാര്യ വ്യക്തികൾ 36 സെന്റ് നിലം നികത്തുന്നത് ഏതാനും കുടുംബങ്ങൾക്കു വിനയാകുന്നു. മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലമാണ് ഐക്കരപ്പടി. ഇവിടെ നിലം നികത്തുന്നതു തിക്തഫലങ്ങൾക്കു കാരണമാകുമെന്ന് പ്രദേശവാസികളായ മുത്തേടത്ത് ബേബി, കെ.എ. വിശ്വനാഥൻ, ബിനോയ് പടിഞ്ഞാറ്റുംകര എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ ഒത്താശയോടെ ഡാറ്റ ബാങ്കിൽനിന്നു ഒഴിവാക്കിയാണ് സ്വകാര്യ വ്യക്തികൾ നിലം നികത്തുന്നതിനു അനുമതി നേടിയതെന്ന് അവർ ആരോപിച്ചു.
നീർച്ചാലുള്ള പ്രദേശത്താണ് നിലം നികത്തുന്നത്. ഇവിടെ നീർച്ചാൽ ഇല്ലെന്നു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ തെറ്റായി സാക്ഷ്യപ്പെടുത്തി. 2018, 2019 വർഷങ്ങളിലെ പ്രളയത്തിൽ ഐക്കരപ്പടി റോഡിൽ രണ്ടു മീറ്ററിലധികം ഉയരത്തിൽ വെള്ളം കയറിയിരുന്നു. പ്രദേശത്തെ കുടുംബങ്ങൾ ദിവസങ്ങളോളം ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാന്പുകളിലുമാണ് അഭയം തേടിയത്. നിലം നികത്തുന്നതു മഴക്കാലത്ത് പ്രദേശത്തെ വീടുകളിലും കൃഷിയിടങ്ങളിലും കുടുതൽ വെള്ളം കയറുന്നതിനും കുത്തൊഴുക്കിൽ നാശങ്ങൾക്കും കാരണമാകും. സ്വകാര്യ വ്യക്തികൾക്കു നിലം നികത്തുന്നതിനു നൽകിയ അനുമതി പുനഃപരിശോധിക്കണം. വിഷയത്തിൽ ജില്ലാ കളക്ടർ, ആർഡിഒ എന്നിവർക്കു പരാതി നൽകിയതായി അവർ അറിയിച്ചു.