കേരള ബാങ്കിലെ ഒഴിവുകൾ അടിയന്തരമായി നികത്തണം: മാർട്ടിൻ ജോർജ്
1296702
Tuesday, May 23, 2023 12:52 AM IST
കണ്ണൂർ: കേരള ബാങ്കിലെ രണ്ടായിരത്തോളം വരുന്ന ഒഴിവുകൾ അടിയന്തരമായി നികത്തി ഇടപാടുകാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കണം. അല്ലാത്തപക്ഷം കേരളത്തിലെ സഹകാരി സമൂഹത്തിന് സമര രംഗത്തേക്ക് ഇറങ്ങേണ്ടി വരുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് കണ്ണൂർ റീജണൽ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച നിൽപ്പു സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടായിരത്തിൽ പരം ഒഴിവുകൾ അടിയന്തരമായി പിഎസ്സി വഴി നികത്തുക, ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കുക, ഡിഎ കുടിശിക അനുവദിക്കുക, ബ്രാഞ്ചുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാർ സമരത്തിൽ ഉന്നയിച്ചത്.
യൂണിറ്റ് പ്രസിഡന്റ് എ.കെ. സതീശൻ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കൂവേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വിമൽ,
മുണ്ടേരി ഗംഗാധരൻ, പി. സുനിൽകുമാർ, എൻ.കെ. അബ്ദുൽ റഷീദ്, കെ.പി. പ്രദീപ് കുമാർ, എം.കെ. ശ്യാംലാൽ, കെ.പി. ദേവരാജ്, രേഖ, പി. വിനോദ്കുമാർ, ബിജലി, ജോളി പോൾ, ഹഫ്സ മുസ്തഫ, ടി.പി. സാജിത് എന്നിവർ പ്രസംഗിച്ചു.