ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സർക്കാർ പൂർണമായും പരിഹാരം കാണും: മുഖ്യമന്ത്രി
1395458
Sunday, February 25, 2024 7:36 AM IST
കണ്ണൂർ: കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ എൽഡിഎഫ് സർക്കാർ പൂർണമായും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളുടെ പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കുന്നതിനായാണ് നവകേരള സദസ് നടത്തിയത്. ഇതിന്റെ തുടർച്ചയായാണ് മുഖാമുഖം പരിപാടി നടത്തുന്നത്. മുഖാമുഖത്തിനു തുടർച്ചയായും അനുബന്ധ പരിപാടികൾ നടക്കും. ഇത്തരം പരിപാടികളിൽ നിന്ന് ലഭിക്കുന്ന പരാതികളും നിർദേശങ്ങളും സർക്കാർ അതീവ ഗൗരവത്തിലെടുത്താണ് പ്രവർത്തിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് തീർച്ചയായും പരിഹാരം കാണുമെന്നും അത് താൻ ജനങ്ങൾക്ക് നൽകുന്ന ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദളിത് ജനവിഭാഗത്തോട് ശത്രുതാപരമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അവര്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക നിര്‍ത്തലാക്കിയതിന് പിന്നിലെന്നും സംസ്ഥാനം ആ പദ്ധതി നിര്‍ത്തലാക്കുകയല്ല രണ്ടര ലക്ഷത്തിനുമേല്‍ വരുമാനമുള്ള കുടുംബങ്ങളിലെ പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പിനും ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ പിന്നാക്കവിഭാഗ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പിനും ആവശ്യമായ തുക പൂര്‍ണ്ണമായും സംസ്ഥനം നല്‍കുമെന്ന് സാമൂഹ്യ പ്രതിബദ്ധത മുൻ നിർത്തി തീരുമാനിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മന്ത്രി കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ രാജന്, കടന്നപ്പള്ളി രാമചന്ദ്രൻ, എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ജസ്റ്റിസ് വി.കെ.മോഹനന്, പദ്മശ്രീ പുരസ്കാര ജേതാവായ കര്ഷകന് ചെറുവയല്‍ രാമന്, വാദ്യകലാകാരന് പെരിങ്ങോട് ചന്ദ്രന്, സംരംഭകന് കെ.കെ. വിജയന്, എഴുത്തുകാരന് ചെറായി രാമദാസ്, ഫുട്ബോള്‍ താരം എന്‍.പി. പ്രദീപ്, കവി അശോകന് മറയൂര്‍, ട്രഷറി ഡയറക്ടര്‍ വി. സാജന്, എയര്‍ ഹോസ്റ്റസ് ഗോപിക ഗോവിന്ദന്, പിഎസ് സി മുന്‍ അംഗം പി.കെ. വിജയകുമാര്‍, എംഎല്‍എമാരായ ഒ.ആ.ര്‍ കേളു, കെ. ശാന്തകുമാരി, കെ.വി. സുമേഷ്, സച്ചിന് ദേവ്, കെ.പി. മോഹനന്,കെ.കെ. ശെലജ, പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
മാധ്യമങ്ങൾക്കെതിരേ മുഖ്യമന്ത്രിയുടെ വിമർശനം
കണ്ണൂർ: മുഖാമുഖം പരിപാടിക്ക് ആളെ കൂട്ടാൻ ഉദ്യോഗസ്ഥർ പാടുപെടുന്നു എന്ന വാർത്ത ഒരു തരം മന:സ്ഥിതിയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുമായി ആദിവാസി ദളിത് വിഭാഗങ്ങളുടെ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെയാണ് മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചത്.
ഒരു ഹാളിൽ ആളെ കൂട്ടാൻ വലിയ പ്രയാസം ഇല്ലെന്ന് എഴുതിയ ആൾക്കറിയാം. പക്ഷെ മാനേജ്മെന്റ് എഴുതിപ്പിക്കുകയാണ്. ഇതെല്ലാം എഴുതിയിട്ടും തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം നാം ഇന്നലെ കണ്ടു. നിങ്ങൾ എന്ത് എഴുതിയാലും ജനങ്ങൾക്ക് വിവേചന ബുദ്ധിയുണ്ട്. മാധ്യമങ്ങൾക്കെതിരെ പറയേണ്ടിവരുന്നത് വസ്തുതാവിരുദ്ധമായ വാർത്തകൾ കാണുന്നത് കൊണ്ടാണ്. ഇപ്പറയുന്നവർ വാസ്തവ വിരുദ്ധമായ വാർത്തകർ പ്രചരിപ്പിക്കുന്നവരെ നന്നാക്കാനല്ല, നന്നാവിലെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഇത് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം അദിദരിദ്രരില്ലാത്ത സംസ്ഥാനമാകുന്നു: മന്ത്രി
കണ്ണൂർ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും പെരുകുന്പോൾ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുകയാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. കേരളത്തിന്റെ ഈ നേട്ടം ലോകത്തിന് മാത്രൃകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖാമുഖം പരിപാടിയിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.കേരളത്തില്‍ 64006 കുടുംബങ്ങള്‍മാത്രമാണ് അതിദരിദ്രര്‍. ഇതില്‍ നാലില്‍ ഒരു വിഭാഗം പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാരാണ്. നിലവില്‍ കേരളത്തിലെ അതിദരിദ്രരില്‍പ്പെട്ട പകുതിയോളം കുടുംബങ്ങളെ അതിദാരിദ്ര്യവസ്ഥയില്‍ നിന്നു മുക്തരാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഒമ്പത് മാസം കൊണ്ട് ബാക്കിയുള്ളവരെ കൂടി അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.
സ്വന്തം ലേഖകൻ