മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കരുത്: കത്തോലിക്കാ കോൺഗ്രസ്
1395459
Sunday, February 25, 2024 7:41 AM IST
തലശേരി: പൂഞ്ഞാർ ക്രൈസ്തവ പള്ളിയിലെ വൈദികനെതിരേ നടന്ന ആക്രമണം കേരളത്തിൽ നിലനിന്നുവരുന്ന മതസൗഹാർദ്ദം തകർക്കുവാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നതിന്റെ തെളിവായി കണക്കാക്കേണ്ടിവരുമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി.
ഇത്തരം കുത്സിതനീക്കങ്ങൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് അപലപനീയമാണ്. സാമൂഹിക ദ്രോഹികളായ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അതിരൂപത കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിൽ നിലനില്ക്കുന്ന മതസൗഹാർദത്തിന് ക്രൈസ്തവ സഭ നല്കുന്ന സംഭാവന വിലപ്പെട്ടതാണ്. സൗഹാർദ്ദവും സഹിഷ്ണുതയും കൂടുതൽ കരുത്തോടെ നിലനില്ക്കുവാൻ ക്രൈസ്തവ സഭ എന്ത് ത്യാഗവും സഹിക്കാൻ തയാറാണ്. എന്നാൽ ഇതൊരു ബലഹീനതയായി ആരും തെറ്റിദ്ധരിക്കരുത്. പൂഞ്ഞാർ സംഭവത്തിൽ പ്രതികൾക്കെതിരേ കേസെടുത്ത പോലീസ് അധികാരികളെ അനുമോദിക്കുന്നതോടൊപ്പം തുടർ നടപടികൾ വേഗത്തിൽ നടപ്പിൽ വരുത്തി കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തതേണ്ടതുണ്ടെന്ന് യോഗം ആവശ്യപ്പെട്ടു.
തലശേരി അതിരൂപത കേന്ദ്രത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചകുന്നേൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. ബേബി നെട്ടനാനി, ബെന്നി പുതിയാംപുറം, ഫിലിപ്പ് വെളിയത്ത്, പിയൂസ് പറയിടം, ഷീജ സെബാസ്റ്റ്യൻ കാറുകളം , ജിമ്മി ഐത്തമറ്റം, ടോമി കണയങ്കൽ, അൽഫോൻസ് കളപ്പുര, വർഗീസ് പള്ളിച്ചിറ, സുരേഷ് ജോർജ്, ഡേവിസ് ആലങ്ങാട്, ഏബ്രഹാം ഈറ്റക്കൽ, കിഷോർലാൽ ചൂരനോലിൽ എന്നിവർ പ്രസംഗിച്ചു.