പക്ഷി-ജൈവ വൈവിധ്യങ്ങളറിയാൻ പഠന സഹവാസം
1395698
Monday, February 26, 2024 1:40 AM IST
തൃക്കരിപ്പൂർ: ജൈവ വൈവിധ്യ രജിസ്റ്റർ പരിഷ്കരണത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ പ്രധാനപ്പെട്ട ജൈവവൈവിധ്യ കേന്ദ്രമായ എടാട്ടുമ്മൽ കുണിയൻ പക്ഷിസങ്കേതം കേന്ദ്രമാക്കി പക്ഷി വൈവിധ്യത്തെയും സസ്യ-ജന്തു ജൈവ വൈവിധ്യത്തെയും അറിയാനും പഠിക്കാനും ആസ്വദിക്കാനുമായി ദ്വിദിന പഠനസഹവാസം നടത്തി.
'
തൃക്കരിപ്പൂർ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി, സീക്ക് പയ്യന്നൂർ ദേശീയ ഹരിതസേന ബയോഡൈവേഴ്സിറ്റി ക്ലബ്, പയ്യന്നൂർ കോളജ്, കാസർഗോഡ് ബേഡേർസ്, കണ്ണൂർ ജില്ലാ പരിസ്ഥിതി ഏകോപനസമിതി, കാസർഗോഡ് ജില്ലാ പരിസ്ഥിതി സമിതി എന്നിവയുടെ നേതൃത്വത്തിലാണ് ക്വാമ്പ് സംഘടിപ്പിച്ചത്.
എടാട്ടുമ്മൽ ആലുവളപ്പിൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ ടി.വി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈവിധ്യ ബോർഡ് മെംബർ സെക്രട്ടറി ഡോ.വി. ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന തീരദേശ സംരക്ഷണ ഉപദേശക സമിതി അംഗം ഡോ. ഖലീൽ ചൊവ്വ, ടി.പി. പത്മനാഭൻ, ക്യാമ്പ് ഡയറക്ടർ വി.വി. രവീന്ദ്രൻ, എൻ. സുകുമാരൻ, സീത ഗണേഷ്, കെ.വി. കാർത്യായനി, എം. രജീഷ് ബാബു, ടി. അജിത, വി.എം. അഖില, കെ.ഇ. കരുണാകരൻ എന്നിവർ പ്രസംഗിച്ചു. പക്ഷിനിരീക്ഷകൻ ശശിധരൻ മനേക്കര, പയ്യന്നൂർ കോളജ് ബോട്ടണി വിഭാഗം തലവൻ ഡോ. രതീഷ് നാരായണൻ, പരിസ്ഥിതി ഗവേഷകൻ വി.സി. ബാലകൃഷ്ണൻ, ദേശീയ ഹരിതസേന ജില്ലാ കോ-ഓർഡിനേറ്റർ ടി.എം. സുസ്മിത, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.യു. ത്രിനിഷ, ജൈവകർഷകൻ ശ്രീധരൻ കുണിയൻ, പി. സുരേഷ്ബാബു, ആനന്ദൻ പേക്കടം, ശ്യാംകുമാർ പുറവങ്കര, ഡോ.ഇ. ഉണ്ണികൃഷ്ണൻ, കെ. ബിജുമോൻ, ജി. അഖിൽകുമാർ, കെ.വി. ഷൈനി, കെ.പി. വിനോദ് എന്നിവർ ക്ലാസുകളെടുത്തു.