പോലീസ് കസ്റ്റഡിയിലുള്ള വാഹനത്തിന്റെ ടയർ മോഷ്ടിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ
1395950
Tuesday, February 27, 2024 7:47 AM IST
പഴയങ്ങാടി: അപകടത്തിൽപെട്ട് കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട പിക്ക് അപ്പ് വാഹനത്തിന്റെ ടയർ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ മറ്റൊരു പിക്ക് അപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ. കർണാടക വിജയനഗർ ഹർപ്പനഹള്ളി സ്വദേശി അബ്ദുൾ കരീമിനെ (22) യാണ് കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരന്നു സംഭവം. മഹാരാഷ്ട്രയിൽ നിന്നും കോഴിക്കോട് പഴവർഗങ്ങൾ ഇറക്കി മടങ്ങുന്നതിനിടെയാണ് അബ്ദുർ കരീം കണ്ണപുരം പോലീസ് സ്റ്റേഷനു പരിസരത്തെ കസ്റ്റഡിയിലുള്ള വാഹനത്തിന്റെ ടയർ മോഷ്ടിക്കാൻ ശ്രമിച്ചത്. തന്റെ വാഹനം പോലീസ് കസ്റ്റഡിയിലുള്ള വാഹനത്തിന് സമീപം നിർത്തിയിട്ടായിരുന്നു മോഷണ ശ്രമം.
റോഡരികിൽ നിർത്തിയിട്ട പിക്ക് അപ്പ് വാഹനം ഏറെ നേരമായിട്ടും പോകാത്തത് ശ്രദ്ധയിൽപെട്ട പോലീസുകാരായ ജാവിദ്, ഫാനിഷ്, സുനിൽകുമാർ എന്നിവർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് മോഷണ ശ്രമം കാണുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.