വാളത്തോടിൽ പായ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്
1395952
Tuesday, February 27, 2024 7:47 AM IST
ഇരിട്ടി: കരിക്കോട്ടക്കരി വാളത്തോട് നിർമലഗിരി കോളനിയിൽ പായ് തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തിൽ ആറുപേർക്ക് പേർക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
തേനീച്ചക്കൂട്ടത്തെ തുരത്തി പരിക്കേറ്റവരെ രക്ഷിക്കാനായി കത്തിച്ച തീ പടർന്ന് രണ്ട് ഏക്കറോളം കൃഷിയിടം കത്തിനശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതും തീ കെടുത്തിയതും ഇരിട്ടി അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്നാണ്.
വാളത്തോടെ പുതിയാകുളങ്ങര ജോസ് (55), ഭാര്യ സാലി(50), പുത്തനറ ഗീത (50 ), റീന (40 ) സിന്റോ ( 35 ) എന്നിവർക്കാണ് പരിക്കേറ്റത്. ദേഹമാസകലം കുത്തേറ്റു സാരമായി പരിക്കേറ്റ ജോസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സിന്റോയെ ഇരിട്ടി കീഴൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കശുമാവിൻ തോട്ടം വൃത്തിയാക്കുന്നതിനിടയിലാണ് തേനീച്ചക്കൂട്ടം ഇവരെ ആക്രമിച്ചത്. തേനീച്ചക്കൂട്ടത്തിന്റെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ ഇവർ വീണുപോയിരുന്നു. കുത്തേറ്റവരെ രക്ഷപ്പെടുത്താൻ മാർഗമില്ലാതെ നാട്ടുകാർ തീയിട്ട് തേനീച്ചയെ തുരത്തുകയായിരുന്നു.
ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ ഒരു സംഘം തേനീച്ചയുടെ കുത്തേറ്റവരെ ആംബുലൻസിൽ കയറ്റി ആശുപത്രികളിൽ എത്തിച്ചപ്പോൾ മറ്റൊരു സംഘം പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തീയണയ്ക്കുകയായിരുന്നു.
ഇരിട്ടി സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് പി.പി. രാജീവൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എൻ.ജി. അശോകൻ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ അനീഷ് മാത്യു, എൻ.ജെ. അനു, ആർ.പി. ബഞ്ചമിൻ, കെ. റോഷിത്ത്, ടി.ജെ. റോബിൻ, സിവിൽ ഡിഫൻസ് വാർഡൻ ഡോളമി കുര്യാച്ചൻ, ഹോം ഗാർഡുമാരായ സി.ചന്ദ്രൻ, പ്രസന്നകുമാർ, വി. രമേശൻ, എ. സദാനന്ദൻ, പി.പി. വിനോയ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. രണ്ട് ആഴ്ചയ്ക്കകം മേഖലയിൽ ഉണ്ടാകുന്ന ആറാമത്തെ പായ് തേനീച്ചയുടെ ആക്രമണമാണിത്.