അപകടത്തിൽപ്പെട്ട് കിടപ്പിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
1417062
Thursday, April 18, 2024 1:48 AM IST
ഉളിക്കൽ: അപകടത്തിൽപ്പെട്ട് കിടപ്പിലായ ആദിവാസി യുവാവ് ചികിത്സയ്ക്കായി സഹായം തേടുന്നു. കിണറ്റിൽ വീണ് നട്ടെല്ലിനു ഗുരുതര പരിക്കേറ്റ പരിക്കളം കയനി കോളനിയിലെ പ്രവീൺ മോഹനൻ (26)ആണ് കാരുണ്യമതികളുടെ സഹായം തേടുന്നത്. മംഗളുരുവിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും തുടർ ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടപ്പെടുകയാണ് ഈ നിർധന കുടുംബം.
മാസങ്ങൾ നീളുന്ന തുടർ ചികിത്സയിലൂടെ പ്രവീണിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാമെന്നാണു ആശുപത്രി അധികൃതർ പറയുന്നത്. ഇതിന് ഭാരിച്ച തുക ചെലവ് വരും. ഇന്റീരിയർ ഡിസൈൻ ജോലി ചെയ്തിരുന്ന പ്രവീണിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബത്തിനു ഇത് താങ്ങാവുന്നതിനപ്പുറമാണ്.
ഭാര്യയും ഒന്നര വയസുള്ള കുട്ടിയും അമ്മയും അമ്മൂമ്മയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്രവീൺ ആണ്. കിടന്ന കിടപ്പിൽ നിന്നു എഴുന്നേൽക്കാൻ കഴിയാത്ത പ്രവീണിനെ പരിചരിക്കേണ്ടതിനാൽ തൊഴിലുറപ്പ് ജോലിക്കാരായ അമ്മയ്ക്കും ഭാര്യയ്ക്കും ജോലിക്ക് പോലും പോകാൻ പറ്റാത്ത സ്ഥിതിയാണ്. സഹായിക്കാൻ താത്പര്യമുള്ളവർക്ക് കേരളാ ഗ്രാമീൺ ബാങ്കിന്റെ 40525100005763 എന്ന അക്കൗണ്ട് നന്പറിലേക്ക് തുക അയക്കാം. ഐഎഫ്എസ്സി കോഡ്. കെഎൽജിബി 0040525.