ഇന്ന് മഹാപൂരം
1417332
Friday, April 19, 2024 1:48 AM IST
പോൾ മാത്യു
തൃശൂര്‍: ഒരു വര്‍ഷം കാത്തിരുന്ന സ്വപ്നം ഇതാ തൃശൂരില്‍ വിരിയുകയാണ്. തേക്കിന്‍കാട് മൈതാനത്തും രാജവീഥിയിലും ഇന്ന് ആനകള്‍ക്കും മേളങ്ങള്‍ക്കുമൊപ്പം പുരുഷാരം നിറയും. കൊട്ടുംകുരവയുമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാര്‍ അടഞ്ഞുകിടന്ന തെക്കേഗോപുരവാതില്‍ ഇന്നലെ രാവിലെ തുറന്നതോടെ പൂര വിളംബരമായി.
കണ്ണടച്ചാലും മായാത്ത വര്‍ണങ്ങളുടെ, കാതില്‍ കൊട്ടിക്കയറുന്ന ചടുലതാളങ്ങളുടെ നിറവിലേക്കു നാടും നഗരവും ഉണർന്നുകഴിഞ്ഞു. ഇന്നു മഹാപൂരം. രാവിലെ മഞ്ഞും വെയിലും കൊള്ളാതെ കണിമംഗലം ശാസ്താവ് തെക്കേഗോപുരനട തുറക്കുന്നതോടെ ഇരവു പകലാക്കുന്ന ജനസാഗരമായി പൂരനഗരി മാറും.
തെരഞ്ഞെടുപ്പുചൂടിൽ പൂരം എത്തുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത. തെരഞ്ഞെടുപ്പുപ്രചാരണത്തിന് അവധി കൊടുത്ത് സ്ഥാനാര്‍ഥികളും അണികളുമൊക്കെ പൂരത്തിരക്കിലാണ്.
ഇന്നലെ രാത്രി വൈകിയും ചമയപ്രദര്‍ശനം കാണാന്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. സ്വരാജ് റൗണ്ടിലെ പൂരപ്പന്തലുകള്‍ക്ക് ഇത്തവണ അഴകും മിഴിവും കൂടിയിട്ടുണ്ട്.
പൂരം എഴുന്നള്ളത്തിനുള്ള ഗജരാജന്മാരുടെ ഫിറ്റ്നസ് പരിശോധന കാണാന്‍ ആനപ്രേമികളും പൂരപ്രേമികളും തേക്കിന്‍കാട്ടില്‍ ഇന്നലെത്തന്നെ ചുറ്റിയടിക്കുന്നുണ്ടായിരുന്നു. കുളിച്ചു കുറിതൊട്ട കൊമ്പന്മാരുടെ വന്പു കാണാന്‍ നൂറുകണക്കിനാളുകളാണു തടിച്ചുകൂടിയത്.
മഠത്തില്‍വരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാന്‍ ഇക്കുറി റിക്കാര്‍ഡ് ജനം എത്തുമെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍. വന്‍ പോലീസ് സംഘമാണ് ഇന്നലെമുതല്‍ നഗരത്തിലെ മുക്കിലും മൂലയിലും കാവല്‍ നില്‍ക്കുന്നത്.
വൈകുന്നേരം കുടമാറ്റത്തിനുശേഷം രാത്രിയില്‍ എഴുന്നള്ളിപ്പുകളുടെ ആവര്‍ത്തനം. നാളെ ഉച്ചയോടെ ശ്രീമൂലസ്ഥാനത്ത് ഉപചാരംചൊല്ലി പിരിയുന്നതുവരെ നഗരത്തിന്റെ മുക്കിലും മൂലയിലും പൂരം, പൊടിപൂരം!