രൂപേഷിന്റെ കരവിരുതിൽ കരിന്പം ഫാം
1457646
Monday, September 30, 2024 1:41 AM IST
ശ്രീകാന്ത് പാണപ്പുഴ
തളിപ്പറന്പ്: കരിമ്പം ഫാമിലെ ജോലിക്കാരനായ രൂപേഷ് ഫാമിൽ ഒരുക്കിയ പ്രകൃതിശില്പങ്ങൾ കൗതുകമാകുന്നു. ഫാം സന്ദർശിക്കുന്നവർക്ക് കൗതുകവും നയനമനോഹരവുമായ കാഴ്ചകളുമാണ് രൂപേഷ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ബ്രിട്ടീഷുകാർ നിർമിച്ച റസ്റ്റ്ഹൗസിന് പരിസരത്തായാണ് പ്ലാവും കുറ്റിയും ചക്കകളും, മുതല, ചൂണ്ടയിടുന്ന മനുഷ്യൻ, ചെറിയ കുളങ്ങൾ, വലിയ ഉരുളിയുടെ മോഡലിൽ ആമ്പൽ കുളം, ഗാർഡനുകൾ ഇവയൊക്കെ നിർമിച്ചത്.
ഫാം സന്ദർശിക്കുന്ന വിദ്യാർഥികളുൾപ്പെടെയുള്ളവർക്ക് വിജ്ഞാനത്തോടൊപ്പം ഉല്ലസിക്കാനും കാഴ്ചകൾ കാണാനുമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങി കൊണ്ടിരിക്കുന്നത്. 21 വർഷമായി കരിമ്പംഫാമിലെ തൊഴിലാളിയായ വി.വി. രൂപേഷ് സിമന്റ്, കമ്പി തുടങ്ങിയവ ഉപയോഗിച്ചാണ് വിവിധ രൂപങ്ങൾ നിർമിച്ചിരിക്കുന്നത്. ശില്പകലാ രംഗത്ത് യാതൊരു പഠനമോ പരിശീലനമോ ലഭിച്ചിട്ടില്ലാത്ത രൂപേഷ് തന്റെ മനസിലുള്ള ആശയങ്ങളെ ശില്പ നിർമാണത്തിലുള്ള അടങ്ങാത്ത അഭിനിവേശം കൈമുതലാക്കിയാണ് വിവിധ രൂപങ്ങളായി പകർത്തുന്നത്.
കരിമ്പത്തെ കൃഷ്ണന്റെയും ഓമനയുടേയും മകനായ രൂപേഷിന് ഇവരുടെയും സുഹൃത്തുക്കളുടേയും കരിമ്പം ഫാമിലെ സഹപ്രവർത്തകരുടേയും അകമഴിഞ്ഞ പിന്തുണയാണ് കരുത്തേകുന്നത്. പണ്ട് മുതൽ കരിമ്പംഫാമിനെക്കുറിച്ച് വന്ന പത്രവാർത്തകളും മറ്റ് പ്രധാന സംഭവങ്ങളും സൂക്ഷിച്ച് വച്ച് ആൽബമായി സൂക്ഷിക്കുന്ന രൂപേഷ് തന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാന ഭാഗമാണ് കരിമ്പം ഫാം എന്ന് പറഞ്ഞു വയ്ക്കുന്നു.