തുളുനാടൻ കളരിയിൽ ആത്മവിശ്വാസത്തോടെ
1418586
Wednesday, April 24, 2024 7:44 AM IST
യുഡിഎഫ് അനുകൂല തരംഗം: രാജ്മോഹന്‍ ഉണ്ണിത്താന്
യുഡിഎഫിന്റെ ഭൂരിപക്ഷം ഒരു ലക്ഷം കവിയും. യുഡിഎഫിന് അനുകൂലമായ തരംഗമാണ് മണ്ഡലത്തില്‍ ഉടനീളമുള്ളത്. ഒരിക്കല്‍ക്കൂടി ബിജെപി അധികാരത്തില്‍ വന്നാലുള്ള അപകടത്തെക്കുറിച്ച് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് അവര്‍ ഒറ്റക്കെട്ടായി യുഡിഎഫിനൊപ്പമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന മുന്‍തൂക്കം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തുണയ്ക്കില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേണ്‍ വേറെയാണ്. സിപിഎമ്മിന് ഒരു ദേശീയ കാഴ്ചപ്പാടോ നയമോ ഇല്ല. അവര്‍ ഇതുവരെ ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടില്ല.
രാജ്യത്ത് ഒരിടത്തും അവര്‍ ബിജെപിക്കെതിരെ മത്സരിക്കുന്നില്ല. ഏതു വിധേനയും കേരളത്തില്‍ കുറച്ച് സീറ്റ് വിജയിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. പൗരത്വഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവന്ന പ്രമേയം യുഡിഎഫ് പിന്തുണയോടെ ഐക്യകണ്ഠേന പാസാക്കിയിട്ടും അതിന്റെ പേരില്‍ കോണ്‍ഗ്രസിനെ ആക്രമിക്കുന്നതിലെ കാപട്യം പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
പിണറായി വിജയന് നരേന്ദ്ര മോദിയില്‍ നിന്നും ദിവസക്കൂലി വാങ്ങിയാണ് രാഹുല്‍ ഗാന്ധിയെ ചീത്തവിളിക്കുന്നത്. പിണറായി പ്രചാരണത്തിനെത്തിയാല്‍ അതിന്റെ പ്രയോജനം ബിജെപിക്കായിരിക്കും.
എല്‍ഡിഎഫ് തിരിച്ചുപിടിക്കും: എം.വി. ബാലകൃഷ്ണന്
കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം വലിയ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് തിരിച്ചുപിടിക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴു നിയോജകമണ്ഡലങ്ങളില്‍ നിന്നായി ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയത് ഇതിന്റെ സൂചനയാണ്. ഇതൊരു ഇടതുപക്ഷ മണ്ഡലമാണ്. എകെജി, രാമണ്ണറൈ, ടി.ഗോവിന്ദന്, പി.കരുണാകരന് എന്നിവര്‍ നടത്തിയ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ കണ്മുന്നിലുണ്ട്.
എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഒരു എംപിയുടെ സാന്നിധ്യം ജനങ്ങള്‍ അനുഭവിച്ചിട്ടില്ല. അതിന്റെ നിരാശാബോധം ജനങ്ങളിലുണ്ടെന്ന കാര്യം പ്രചാരണകാലയളവില്‍ ബോധ്യപ്പെട്ടിരുന്നു. വാക്കും പ്രവൃത്തിയും ഒന്നാകണമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം അതുണ്ടായില്ല.
വളരെ പോസിറ്റീവായ സമീപനമാണ് വോട്ടര്‍മാരില്‍ നിന്നുള്ളത്. ഇടതുപക്ഷ അനുഭാവികളുടേത് മാത്രമല്ല, യുഡിഎഫ്, ബിജെപി പരമ്പരാഗത വോട്ടുകളും ഇത്തവണ എല്‍ഡിഎഫിന് അനുകൂലമാകും. പുതുതായി ഒരുലക്ഷം വോട്ട് പാര്‍ട്ടി മുന്‍കൈയെടുത്ത് ചേര്‍ത്തിട്ടുണ്ട്. ഇതു ഭൂരിപക്ഷം വര്‍ധിപ്പിക്കും. ഈ നാടിന്റെ മുക്കും മൂലയും നന്നായി അറിയാവുന്ന നാട്ടുകാരനായ സ്ഥാനാര്‍ഥിയാണ് താന്‍. ആ അടുപ്പം ജനങ്ങള്‍ക്ക് തന്നോടുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായി നാടിന്റെ വികസനത്തിനായി എല്ലാവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകുന്ന ശൈലിയാണ് തന്റേത്.
വോട്ടിൽ വലിയ വര്‍ധനയുണ്ടാകും: എം.എല്‍. അശ്വിനി
ജയിക്കാന്‍ വേണ്ടി തന്നെയാണ് മത്സരിക്കുന്നത്. എല്‍ഡിഎഫ്-യുഡിഎഫ് കേന്ദ്രങ്ങളില്‍ പോലും വളരെ പോസിറ്റീവായ പ്രതികരണമാണ് ബിജെപിക്ക് ലഭിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടിനേക്കാള്‍ വലിയ വര്‍ധനവുണ്ടാകും. വിദ്യാഭ്യാസമുള്ള പുതുതലമുറ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇടതു-വലത് മുന്നണികള്‍ കാസര്‍ഗോട്ടെ ജനങ്ങളെ വഞ്ചിക്കുകയാണ്. നാളിതുവരെയായിട്ടും മണ്ഡലത്തില്‍ യാതൊരു വികസനവും എത്തിക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല.കേന്ദ്ര സര്‍വകലാശാല അല്ലാതെ ഒരു ഉന്നതവിദ്യാഭ്യാസകേന്ദ്രം ഇവിടെയില്ല.
വ്യവസായസ്ഥാപനങ്ങളോ മെഡിക്കല്‍ കോളജോ ഇല്ല. ഉന്നതവിദ്യാഭ്യാസത്തിനും ജോലിക്കും ഇവിടുത്തെ യുവാക്കള്‍ക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. പാവപ്പെട്ട എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചികിത്സയ്ക്കായി മംഗളുരുവിലെ ആശുപത്രികളെ ആശ്രയിക്കണം. സംസ്ഥാന സര്‍ക്കാര്‍ കുടിശിക തീര്‍ക്കാത്തതുകൊണ്ട് അവരുടെ ചികിത്സ മുടങ്ങിക്കിടക്കുകയാണ്. എയിംസ് പ്രപ്പോസലില്‍ കാസര്‍ഗോഡിന്റെ പേര് ഉള്‍പ്പെടാതിരിക്കാന്‍ കാരണം എംപിയുടെ കഴിവുകേടാണ്. എംപിയുടെ പരാജയവും സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധതയും പ്രചാരണത്തുലുടനീളം തുറന്നുകാട്ടാന്‍ തനിക്കായി.