പാണത്തൂരിൽ സൗരോർജവേലി തകർത്ത് കാട്ടാനകളിറങ്ങി
1431112
Sunday, June 23, 2024 7:02 AM IST
പാണത്തൂർ: പാണത്തൂർ ടൗണിന് സമീപം സ്വകാര്യ കൃഷിയിടത്തിന്റെ സൗരോർജവേലി തകർത്ത് കാട്ടാനക്കൂട്ടമിറങ്ങി. ആടുകുഴിയിൽ ഷാജു ചാക്കോയുടെ കൃഷിയിടത്തിലാണ് വെള്ളിയാഴ്ച രാത്രി കാട്ടാനകൾ വ്യാപകനാശം വിതച്ചത്.
സമീപകാലത്ത് ഈ മേഖലയിൽ കാട്ടാനകൾ മൂലമുണ്ടായ ഏറ്റവും വലിയ കൃഷിനാശമാണ് സംഭവിച്ചത്. ആറു വർഷം വരെ പ്രായമുള്ള തെങ്ങുകളും കമുകുകളും റബറും വാഴയുമെല്ലാം നശിപ്പിക്കപ്പെട്ടു. നാലു വർഷം മുമ്പാണ് ഷാജു സ്വന്തം ചെലവിൽ കൃഷിയിടത്തിനു ചുറ്റും സൗരോർജ വേലി നിർമിച്ചത്.
ബാങ്കിൽ നിന്ന് വായ്പ എടുത്താണ് കൃഷി നടത്തിയിരുന്നത്. ഈ ഭാഗത്തെ വനാതിർത്തിയിൽ വനംവകുപ്പ് ഭാഗികമായി സൗരോർജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് മിക്കവാറും പ്രവർത്തനക്ഷമമല്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
ടൗണിന് സമീപമുള്ള ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. നേരത്തേ റാണിപുരം ഭാഗത്ത് കാട്ടാനശല്യമുണ്ടായപ്പോൾ കൂടുതൽ ഇടങ്ങളിൽ സൗരോർജവേലി സ്ഥാപിക്കുമെന്നും പ്രവർത്തനക്ഷമത ഉറപ്പുവരുത്തുമെന്നും വനം വകുപ്പും പഞ്ചായത്തും ഉറപ്പു നല്‍കിയിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല.
ഷാജുവിന്റെ കൃഷിയിടം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.ശേഷപ്പ, പഞ്ചായത്ത് ഫാർമേഴ്സ് സഹകരണ സംഘം പ്രസിഡന്റ് എസ്.മധുസൂദനൻ, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോണി തോലംപുഴ, മുൻ പഞ്ചായത്തംഗം ജോർജ് ഐസക്ക്, ബളാൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സണ്ണി ജോസഫ് എന്നിവർ സന്ദർശിച്ചു.
കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കർഷകന് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്നും ജോണി തോലംപുഴ ആവശ്യപ്പെട്ടു.