കുടിവെളളം പാഴാകുന്നു; കണ്ണുപൊത്തി വാട്ടർ അഥോറിറ്റി
1593593
Sunday, September 21, 2025 11:35 PM IST
ഹരിപ്പാട്: ജലവിതരണ പൈപ്പുകൾ പൊട്ടി പലയിടങ്ങളിലും കുടിവെള്ളം പാഴാകുന്നെങ്കിലും ജല അഥോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. മുതുകുളം തെക്ക് തെക്കോട്ടിൽ റോഡിൽ പുത്രേഴത്തു കിഴക്കുഭാഗത്തും ഷാപ്പുമുക്ക്-പള്ളിമുക്ക് റോഡിൽ പഴതറ ജംഗ്ഷനു തെക്കുഭാഗത്തും ചെങ്കിലാത്തുമുക്ക് റോഡിൽ ആലിൻചുവടിനു സമീപവുമാണ് ശുദ്ധജലം നഷ്ടപ്പെടുന്നത്.
തെക്കോട്ടിൽ റോഡിൽ കൊട്ടാരം സ്കൂൾ ഭാഗത്തേക്കു പോകുന്ന കോൺക്രീറ്റ് റോഡിന്റെ തുടക്കത്തിലാണ് പൈപ്പിന് ചോർച്ചയുള്ളത്. ഇവിടെ കുടിവെള്ളം നഷ്ടപ്പെടാൻ തുടങ്ങിയിട്ട് ആഴ്ചകളായി. വലിയതോതിലാണ് ജലം പുറത്തേക്ക് ഒഴുകുന്നത്. അതിനാൽ, കോൺക്രീറ്റ് റോഡ് പൊളിഞ്ഞു തുടങ്ങി.
പഴതറ ജംഗ്ഷനു തെക്കുഭാഗത്ത് കലുങ്കിനോട് ചേർന്നാണ് പൊട്ടിയൊലിക്കുന്നത്. ഇവിടെയും പൊട്ടിയിട്ട് ആഴ്ചകളായി. റോഡും പൊളിഞ്ഞിളകാനും തുടങ്ങിയിട്ടുണ്ട്.
ആലിൻചുവടിന് 100 മീറ്ററോളം തെക്കുമാറി റോഡിനു പടിഞ്ഞാറേ അരികു ചേർന്നാണ് ചോർച്ചയുളളത്. ശക്തിയായാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്.