ജിമ്പെയര് വസന്തോത്സവം 2025 ചമ്പക്കുളത്ത്
1593594
Sunday, September 21, 2025 11:35 PM IST
ചമ്പക്കുളം: കുട്ടനാട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ഇഷ്ടവീട് നിര്‍മാണ പ്രവര്‍ത്തനത്തിനായി സംഘടിപ്പിച്ചിരിക്കുന്ന ജിമ്പെയര് വസന്തോത്സവം2025 27, 28 തീയതികളില്‍ ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്ക ഹാളില്‍ നടക്കും.
27ന് രാവിലെ 9.30ന് ചമ്പക്കുളം പടിപ്പുരയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന വസന്തോത്സവത്തിന് അരങ്ങുണരും. 10.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ പൊന്‍കുന്നം വര്‍ക്കി പുരസ്കാരം സി.കെ. സദാശിവന് ഫ്രാന്‍സിസ് ടി. മാവേലിക്കര സമ്മാനിക്കും. പ്രഫ. എന്‍. ഗോപിനാഥപിള്ള പൊന്‍കുന്നം വര്‍ക്കി അനുസ്മരണ പ്രഭാഷണം നടത്തും.
11.30ന് കലാമേള പുന്നപ്ര അപ്പച്ചന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജില്ലയിലെ 15 പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന കൈകൊട്ടിക്കളി മത്സരം. വൈകുന്നേരം 5.30ന് കുട്ടനാട് ഫാസ് അവതരിപ്പിക്കുന്ന ലഘുനാടകം മത്തായിയുടെ മരണം. 6.30ന് കോഴിക്കോട് രംഗഭാഷയുടെ നാടകം മിഠായിത്തെരുവ് (പ്രവേശനം പാസ് മൂലം).
28 ഞായര്‍ രാവിലെ ഒമ്പതിന് പ്രഭാസുതന്‍ രാമങ്കരിയുടെ സംഗീതകച്ചേരി. നൃത്തനൃത്യങ്ങള്‍, ഗാനമേള, കവിയരങ്ങ്. വൈകുന്നേരം മൂന്നിന് പ്രതിഭാസംഗമം ഉത്ഘാടനം ആര്‍സി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് റെജി ചെറിയാന് പ്രഥമ ജോണ്സണ് പുളിങ്കുന്ന് പുരസ്കാരം പ്രശസ്ത സിനിമ നാടക അഭിനേതാവ് പ്രമോദ് വെളിയനാടിന് സമ്മാനിക്കും.
വസന്തോത്സവം-2025ന്റെ ടൈറ്റില്‍ സ്പോണ്സര് ജിമ്പെയര് ചൈല്‍ഡ് ഡവലപ്മെന്റ് സെന്റര്‍ ചങ്ങനാശേരിയുടെ സ്ഥാപകന്‍ ഡോ. ജോര്‍ജ് പടനിലത്തെ സി.കെ. സദാശിവന് ആദരിക്കും. അഞ്ചിന് കുട്ടനാട് ഫാസ് അവതരിപ്പിക്കുന്ന ലഘുനാടകം സ്വപ്ന സഞ്ചാരികള്‍. ആറിന് ടെലിവിഷന്‍ താരങ്ങളായ നസീര്‍ സംക്രാന്തി, പോള്‍സണ്‍ കൂത്താട്ടുകുളം, ഭാസി വൈക്കം മുതലായ പ്രമുഖര്‍ പങ്കെടുക്കുന്ന മെഗാഷോ. (മെഗാഷോ പ്രവേശനം പാസ് മൂലം)
കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് വച്ച് നല്‍കാനുള്ള പണം സമാഹരിക്കുകയാണ് ജിമ്പെയര് വസന്തോത്സവം2025 ലക്ഷ്യം വയ്്കുന്നതെന്ന് ഭാരവാഹികളായ അഗസ്റ്റിന് ജോസഫ്, കെ.സി. രമേശ്കുമാര്‍, വി. വിത്താവന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.