നടുവൊടിഞ്ഞ് നാട്ടുകാർ
1593859
Monday, September 22, 2025 11:39 PM IST
അന്പലപ്പുഴ: റോഡ് തകർന്നുകിടന്നിട്ട് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞു. തകർന്ന റോഡിലുടെ യാത്ര ചെയ്ത് നടുവൊടിഞ്ഞ് നാട്ടുകാർ. പുറക്കാട് കന്നിട്ടക്കടവ് റോഡിനാണ് ഈ ദുരവസ്ഥ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പൊതു മരാമത്ത് വകുപ്പാണ് റോഡ് നിർമിച്ചത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡ് ഇതുവരെ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടില്ല. അതുകൊണ്ടുതന്നെ റോഡിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടതും പഞ്ചായത്താണ്.
എന്നാൽ, ലക്ഷങ്ങൾ ചെലവുവരുന്ന അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്തിന്റെ പക്കൽ ഫണ്ടില്ലാത്തതിനാൽ നടുവൊടിയുന്നത് ഇതിലേ യാത്ര ചെയ്യുന്ന നാട്ടുകാരുടേതാണത്രെ. ഒന്നര കി. മീറ്ററോളം ദൂരമുള്ള റോഡ് വർഷങ്ങളായി തകർന്നുകിടന്നതിനെത്തുടർന്ന് നാട്ടുകാർ ചെയ്ത നിരന്തര സമരഫലമായാണ് ടാറിംഗ് നടത്തിയത്.
എന്നാൽ, റോഡ് തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിന്റെ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറായിട്ടില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഓടുന്ന ഓട്ടോറിക്ഷകൾക്ക് വർക്ക് ഷോപ്പിൽനിന്നിറങ്ങാൻ നേരമില്ലെന്നാണ് ഡ്രൈവർമാർ പറയുന്നത്. മഴയായാൽ കുഴിയിൽ വീണ് യാത്രക്കാരുടെ നടുവൊടിയുന്നതും വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവാണ്.
അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഏതാനും ആഴ്ച മുൻപ് നാട്ടുകാർ സമരം നടത്തിയിരുന്നു. ഇനി അടുത്ത ഘട്ട സമരം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.