ശ്രീകൃഷ്ണജയന്തിക്ക് കെട്ടിയ കൊടിതോരണങ്ങൾ നശിപ്പിച്ച് സിപിഎം ഓഫീസിൽ കൊണ്ടിട്ട യുവാവ് പിടിയിൽ
1594479
Wednesday, September 24, 2025 11:36 PM IST
തഴക്കര: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചുള്ള കൊടിതോരണങ്ങള്‍ നശിപ്പിച്ച് സിപിഎം ഓഫീസിനു മുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടി. മാവേലിക്കര തഴക്കര കുന്നം അമ്പാടിയില്‍ അജയ് കൃഷ്ണ(22)യാണ് ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ 14ന് പുലര്‍ച്ചെയാണ് നാട്ടില്‍ കലാപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മാവേലിക്കര പൈനുംമൂട് ജംഗ്ഷന് മുതല്‍ കുന്നം ധര്‍മശാസ്താ ക്ഷേത്രത്തിന്റെ മുന്‍വശംവരെ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച കെട്ടിയിരുന്ന കൊടികള്‍ നശിപ്പിക്കുകയും കുറച്ചു കൊടികള്‍ തഴക്കര വേണാട് ജംഗ്ഷനു സമീപമുള്ള സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസിനു മുന്‍വശം കൊണ്ടിടുകയും ചെയ്തതായി മാവേലിക്കര പോലീസില്‍ പരാതി ലഭിച്ചത്.
പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യം
പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് നായരുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘം രൂപീകരിക്കുകയും ഊര്‍ജിത അന്വേഷണം നടത്തുകയുമായിരുന്നു. കുന്നത്തേയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ ബൈക്കില്‍ എത്തി കൊടികള്‍ നശിപ്പിക്കുന്നതായി കണ്ടെത്തിയതോടെയാണ് പ്രതി പിടിയിലായത്.