പായിപ്പാട് ജലോത്സവ തർക്കം: വീയപുരം ചുണ്ടൻ തന്നെ ജേതാവ്
1594480
Wednesday, September 24, 2025 11:36 PM IST
ഹരിപ്പാട്: പായിപ്പാട് ജലോത്സവത്തിലെ ഫൈനൽ മത്സരത്തിലുണ്ടായ തർക്കം പരിഹരിച്ച് ചെങ്ങന്നൂർ റവന്യു ഡിവിഷണൽ ഓഫീസർ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. വീയപുരം ചുണ്ടൻ ഒരു നെല്ലട വ്യത്യാസത്തിൽ ഫിനിഷിംഗ് ലൈൻ ആദ്യം കടന്നതായി ജൂറി അംഗങ്ങൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 22ന് ആർഡിഒ ചേംബറിൽ നടന്ന യോഗത്തിൽ മേരിപ്പാടം ചുണ്ടൻവള്ള സമിതി, വീയപുരം ചുണ്ടൻവള്ള സമിതി, പായിപ്പാട് വള്ളംകളി സമിതി അംഗങ്ങൾ, ജഡ്ജസ് എന്നിവർ പങ്കെടുത്തു.
ജൂറി അംഗങ്ങൾ ഔദ്യോഗിക രേഖകളും വിഡിയോ ദൃശ്യങ്ങളും വിശദമായി പരിശോധിച്ചു. ഇരുകരകളിലും സ്ഥാപിച്ച ഔദ്യോഗിക കാമറകളിൽനിന്നുള്ള വീ ഡിയോകൾ പലതവണ പരിശോധിച്ച ശേഷമാണ് വീയപുരം ചുണ്ടന്റെ വിജയം സ്ഥിരീകരിച്ചത്. ചെങ്ങന്നൂർ ആർടിഒ വിജയസേനൻ, ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.കെ. ബിനുകുമാർ, കായംകുളം ഡെപ്യൂട്ടി പോലീസ് ടി. ബിനുകുമാർ, കെഎസ്ബിആർഎ പ്രസിഡന്റ് ആർ.കെ. കുറുപ്പ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.