വേമ്പനാട്ടുകായലിലെ ചാനൽ ബോയകൾ നശിക്കുന്നു; പുനഃസ്ഥാപിക്കാൻ നടപടിയില്ല
1594290
Wednesday, September 24, 2025 6:54 AM IST
പൂച്ചാക്കൽ: വേമ്പനാട്ട് കായലിലെ ദേശീയ ജലപാതയിൽ ജലയാനങ്ങൾക്ക് ദിശ അറിയാനായി സ്ഥാപിച്ച ചാനൽ ബോയകൾ പലതും നശിക്കുന്നു. രാത്രികാലങ്ങളിലും പ്രതികൂല കാലാവസ്ഥയിലും ഉൾപ്പെടെ ജലയാനങ്ങൾക്ക് ചാലും ദിശയും തിരിച്ചറിയാനാണ് ബോയകൾ കായലിൽ സ്ഥാപിച്ചത്.
എന്നാൽ, കായലിൽ സ്ഥാപിച്ച പല ബോയകളും പ്രവർത്തന രഹിതവും ഒഴുകി നടക്കുന്നതുമാണ്. കായലിൽ ഒഴുകിപ്പോകുന്നവ കരയ്ക്കടിഞ്ഞു നശിക്കുകയും ചെയ്യുന്നുണ്ട്. പാണാവള്ളി - പെരുമ്പളം ഫെറിയിലും തവണക്കടവ് - വൈക്കം ഫെറിയിലുമാണ് ഇപ്പോൾ ചാനൽ ബോയകൾ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ബോട്ട്, ജങ്കാർ സർവീസുകൾ ഉള്ളതാണ്.
കായലിൽ പൊങ്ങിക്കിടക്കുന്ന ബോയകളും അതിലെ ചെറിയ വെളിച്ചവുമാണ് ചാലിന്റെയും ദിശയുടെയും അടയാളം. ജലയാനങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന രീതിയിൽ ആഴമേറിയ ഭാഗം മുൻകൂട്ടി കണ്ടെത്തി അതിന്റെ വശങ്ങളിലാണ് പോർട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോയകൾ സ്ഥാപിച്ചത്. ബോയകൾ ഇല്ലാതെ വരുന്നത് ജലയാനങ്ങൾക്ക് സുരക്ഷിതമായി സർവീസ് നടത്താൻ തടസമാകുന്നുണ്ട്.
പാണാവള്ളി അഞ്ചുതുരുത്ത് കടവിലും തവണക്കടവ് ഫെറിയിലുമാണ് ബോയകൾ കരയ്ക്കടിഞ്ഞ നിലയിലുള്ളത്. ഇവ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.