ആർദ്രം പദ്ധതിയിലൂടെ ഗുണനിലവാരമുള്ള ചികിത്സ: മന്ത്രി വീണാ ജോർജ്
1594294
Wednesday, September 24, 2025 6:54 AM IST
ഹരിപ്പാട്: ആർദ്രം പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നത് ഗുണനിലവാരമുള്ള ചികിത്സയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചേപ്പാട് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജനകീയ ലാബിന്റെയും ഉദ്ഘാടനം പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ ഏറ്റവുമധികം ആയുർദൈർഘ്യമുള്ളവർ കേരളത്തിലാണ്. ആരോഗ്യം ആനന്ദം അകറ്റാം അർബുദം എന്ന കാമ്പയിനിലൂടെ ഇതുവരെ 18.50 ലക്ഷം പേര് കാൻസർ പരിശോധനയ്ക്ക് വിധേയരായി.
കേരളത്തിൽ ഇന്ന് എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലാബുകളും പരിശോധന സൗകര്യങ്ങളുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ 885 ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയെ ന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി ഹെൽത്ത് ഗ്രാന്റിൽനിന്ന് 37 ലക്ഷം രൂപയും പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് 11 ലക്ഷം രൂപയും വിനിയോഗിച്ചാണ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണം. നാട്ടുകാരുടെയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെയും സംയുക്ത ശ്രമഫലമായാണ് നാലു ലക്ഷം രൂപ ചെലവിൽ ജനകീയ ലാബിന്റെ നിർമാണം പൂർത്തീകരിച്ചത്.
രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണുകുമാർ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം എ. ശോഭ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഡി. കൃഷ്ണകുമാർ, എസ്. വിജയകുമാരി, കെ. വിശ്വപ്രസാദ്, പഞ്ചായത്തംഗങ്ങളായ എം. മണിലേഖ തുടങ്ങിയവർ പങ്കെടുത്തു.