കനാലുകളിൽ വെള്ളമൊഴുകും; മന്ത്രിമാർ യോഗം ചേർന്നു
1594298
Wednesday, September 24, 2025 6:54 AM IST
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ പിഐപി കനാലുകളിൽ ജലവിതരണം തടസപ്പെടുന്ന സംഭവത്തിൽ, മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് എന്നിവർ യോഗം ചേർന്നു. അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ യോഗം നിർദേശിച്ചു.
മണിയാർ ബാരേജിൽ നടക്കുന്ന നവീകരണമാണ് ജലവിതരണം തടസപ്പെടാൻ കാരണം. ജലവിതരണം പൂർണമായും നിർത്തിവച്ചാൽ 2,500 ഹെക്ടറിലധികം നെൽകൃഷിയും മറ്റ് വിളകളും നാശത്തിലേക്കു നീങ്ങും. ഈ ദുരന്തസാധ്യത മുന്നിൽ കണ്ടാണ് മന്ത്രിമാരുടെ യോഗം ചേർന്നത്.
മണിയാർ ബാരേജിലെ 5 സ്പിൽവേ ഷട്ടറുകളും 2 സ്ലൂയിസ് ഗേറ്റുകളും മാറ്റുന്ന ജോലികളാണ് നടക്കുന്നത്. പ്രതികൂല കാലാവസ്ഥയും കാർഷിക പ്രവർത്തനങ്ങളും കാരണം ജോലികൾ പലതവണ മാറ്റിവയ്ക്കേണ്ടി വന്നു. ഇതോടെ നവീകരണം നീണ്ടുപോവുകയായിരുന്നു.
രണ്ടു ജില്ലകളെ ബാധിക്കും
നിർമാണപ്രവർത്തനങ്ങളുടെ പേരിൽ കർഷകരെ പ്രതിസന്ധിയിലാക്കരുതെന്ന് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. കാർഷിക ആവശ്യങ്ങൾക്കായി ഡിസംബർ മുതൽ മാർച്ച് വരെ ജലം ആവശ്യമായതിനാൽ, ആ മാസങ്ങളിൽ നിർമാണം നിർത്തിവച്ച് ജലവിതരണം ഉറപ്പാക്കണം. കൂടാതെ, നവംബർ വരെ ജലവിതരണത്തെ ബാധിക്കാത്ത തരത്തിലുള്ള ജോലികൾ മാത്രം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഇതു ഗുരുതരമായി ബാധിക്കുമെന്നും കാർഷിക മേഖലയെ തളർത്തുന്ന ഇത്തരം നടപടികൾ വലിയ പ്രതിഷേധത്തിനു കാരണമാകുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.