കെട്ടിട സമുച്ചയ ഉദ്ഘാടനവും വാർഷികവും
1594288
Wednesday, September 24, 2025 6:54 AM IST
മാന്നാർ: ചെന്നിത്തല മഹാത്മാ എച്ച്എസ്എസ് ഫോർ ബോയ്സ് കെട്ടിട സമുച്ചയ ഉദ്ഘാടനവും വാർഷികാഘോഷവും നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1953ൽ സ്ഥാപിച്ച് 2012ൽ ഹയർ സെക്കൻഡറിയായി ഉയർത്തിയ വിദ്യാഭ്യാസ സ്ഥാപനമാണ് ചെന്നിത്തല മഹാത്മാ എച്ച്എസ്എസ്.
ക്ലാസ് മുറികളും ഹൈടെക് സംവിധാനമുള്ളതും റോബോട്ടിക് അടൽ ടിങ്കറിംഗ് ലാബ്, സ്പെയിസ് മ്യൂസിയം തുടങ്ങി വിവിധ ആധുനിക സാങ്കേതിക വിദ്യകൾ പഠിപ്പിക്കുന്ന സംരംഭങ്ങളാൽ സമ്പന്നവുമാണ്. ആധുനിക സൗകര്യങ്ങളോടെയും നിയമാനുസൃതമായ അംഗീകാരങ്ങളോടെയും നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് സി.കെ. ചെറിയാൻ കോട്ടപ്പുറത്ത് അധ്യക്ഷത വഹിക്കും. പൂർവ വിദ്യാർഥിയും വികസന പ്രവർത്തനങ്ങളുടെ മാർഗ നിർദേശകനുമായ രമേശ് ചെന്നിത്തല എംഎൽഎ വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
കെട്ടിടനിർമാണത്തിന് നേതൃത്വം നൽകിയ മുൻ മാനേജർ കൃഷ്ണൻ നമ്പൂതിരി, സി.പി. പ്രഭാകരൻപിള്ള എന്നിവരെ ആദരിക്കും. സ്കൂൾ മാനേജർ ഗോപി മോഹനൻ നായർ, അനിൽകുമാർ, പഞ്ചായത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, ആതിര, സുകുമാരി തങ്കച്ചൻ, സിന്ധു ഹമീദ് തുടങ്ങിയവർ പ്രസംഗിക്കും.