കേന്ദ്ര കൃഷിസംഘം കുട്ടനാട് സന്ദർശിച്ചു
1594490
Wednesday, September 24, 2025 11:36 PM IST
ചമ്പക്കുളം: കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ വകുപ്പിന്റെ മെക്കനൈസേഷൻ ആൻഡ് ടെക്നോളജി ഡിവിഷൻ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം കുട്ടനാട്ടിൽ പര്യടനം നടത്തി. വിവിധ പാടശേഖരങ്ങൾ സന്ദർശിച്ചു. ചമ്പക്കുളം കൃഷിഭവന് കീഴിലുളള ചെമ്പടി ചക്കം കരി, നാല് നാല്പത്, തൊള്ളായിരം ഇല്ലിമുറി, മൂലപ്പള്ളി പാടശേഖരങ്ങളും ആറു പങ്ക്, നാലായിരം തുടങ്ങി കൈനകരി കൃഷിഭവന് കീഴിലുളള കായൽ നിലങ്ങളിലും സന്ദർശനം നടത്തിയ സംഘം മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിനു കീഴിലുള്ള കൃഷിയിടവും സന്ദർശിച്ചു.
സമുദ്രനിരപ്പിനു താഴെ കൃഷി ചെയ്യുന്ന കുട്ടനാട്ടിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ മറ്റ്സ്ഥലങ്ങളെ അപേക്ഷിച്ചു വ്യത്യസ്തമാണെന്നും ഇവിടെ അധികമായി കണ്ടുവരുന്ന വരിനെല്ല് വിളവിനെയും കർഷക വരുമാനത്തെയും ദോഷകരമായി ബാധിക്കുന്നതായും സംഘം വിലയിരുത്തി. മങ്കൊമ്പ് എം. എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിൽ കുട്ടനാട്ടിലെ വിവിധ കർഷകസംഘ പ്രതിനിധികളുമായും രാഷ്ട്രീയ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.
ജോയിന്റ് സെക്രട്ടറി എസ്. രുക്മിണി നേതൃത്വം കൊടുക്കുന്ന സംഘത്തിൽ എ.എൻ. മിശ്ര (ഡെപ്യുട്ടികമ്മിഷണർ), ഡോ.ദിവ്യാ ബാലകൃഷ്ണൻ, (സീനിയർ സയിന്റിസ്റ്റ്) ഡോ. വി മനാസ, (സയന്റിസ്റ്റ്) ഡോ. എസ്. വിജയകുമാർ (സയന്റിസ്റ്റ്), ഡോ. ആർ. ഗോപിനാഥ്(സയന്റിസ്റ്റ്) എന്നിവരോടൊപ്പം സംസ്ഥാന കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ഷാജി രാഘവൻ, കൃഷ്ണകുമാർ, ജോർജ് മാത്യം വാച്ചാപറമ്പിൽ എന്നിവരും ഉണ്ടായിരുന്നു. കുട്ടനാട്ടിലെ പര്യടനം പൂർത്തിയാക്കിയ സംഘം അപ്പർ കുട്ടനാട്ടിലെ പെരിങ്ങര, പള്ളിപ്പാട്, കരിപ്പുഴ തുടങ്ങിയ പ്രദേശങ്ങളും സന്ദർശിച്ചു.
മുൻ കേന്ദ്രമന്ത്രിരാജീവ് ചന്ദ്രശേഖർ കേന്ദ്ര കൃഷിമന്ത്രി മുമ്പാകെ2025 ജൂലൈ 31ന് സമർപ്പിച്ച കുമ്മനം രാജശേഖരൻ നേതൃത്വം നല്കിയ മൂന്നംഗ സമിതി, കേരളത്തിലെ നെൽ കൃഷി മേഖല നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പാലക്കാട്, തൃശൂർ, കുട്ടനാട് പ്രദേശങ്ങളിലെ കൃഷി അനുബന്ധ പ്രശ്നങ്ങൾ സംബന്ധിച്ച പഠനത്തിനാണ് കേന്ദ്രസംഘമെത്തിയത്.