കൊടുംവളവില്‍ കെണിയായി കലുങ്ക്
1593861
Monday, September 22, 2025 11:39 PM IST
എടത്വ: കൊടുംവളവില്‍ അപകടക്കെണിയായി പച്ച കോട്ടയില്‍ കലുങ്ക്. 2021 ല്‍ ടിപ്പര്‍ലോറി കയറിയാണ് പാലത്തിന്റെ കൈവിരിയും സ്ലാബും തകര്‍ന്നത്. പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഫണ്ടില്ല. പാലം അപകടനിലയില്‍ ആയതോടെ പൊതുജനങ്ങള്‍ എടത്വ പഞ്ചായത്തില്‍ പരാതിപ്പെട്ടു.
പരാതിയില്‍ തീര്‍പ്പ് ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തില്‍ നിവേദനം നല്കി. അദാലത്തില്‍ കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ എടത്വ പഞ്ചായത്തുമായി നാട്ടുകാര്‍ ബന്ധപ്പെട്ടു. ഫണ്ടിന്റെ അപര്യാപ്ത ചൂണ്ടിക്കാട്ടി പുനര്‍നിര്‍മാണം നീണ്ടുപോയി. പാലത്തിന്റെ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് അഞ്ചു വര്‍ഷത്തിനിടെ നാട്ടുകാര്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല.
നിര്‍മാണത്തിന്റെ നിജസ്ഥിതി അറിയാന്‍ പ്രദേശവാസിയായ വിജോ ജോസഫ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തു നല്കി. പാലത്തിന്റെ പുനര്‍നിര്‍മാണം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നും അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പാലത്തിന്റെ നിര്‍മാണം നടക്കുമെന്നുമാണ് സെക്രട്ടറി അറിയിച്ചത്. പ്രദേശത്തെ നൂറിലേറെ കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാലമാണ് അപകടനിലയില്‍ കിടക്കുന്നത്.
റോഡിലെ വളവ് തിരിഞ്ഞെത്തുന്ന ഇരുചക്രവാഹനങ്ങളും ഓട്ടോയും നിയന്ത്രണം വിട്ട് കൈവിരിയില്ലാത്ത പാലത്തിനു താഴെയുള്ള ഇടത്തോട്ടില്‍ വീഴാറുള്ളത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വിദ്യാര്‍ഥികളുടെ സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഈ റോഡിലൂടെ കടന്നുപോകാറുണ്ട്.
സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, ദേവാലയങ്ങള്‍, പച്ച, എടത്വ പ്രദേശത്തെ സ്കൂളുകള്‍, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി യാത്രക്കാരാണ് സഞ്ചരിക്കുന്നത്. പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിച്ച് അപകട രഹിതമായ യാത്രാ സൗകര്യം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.