തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം: പൊതുതാത്പര്യ ഹർജി വാദം കേൾക്കാൻ മാറ്റി
1594279
Wednesday, September 24, 2025 6:54 AM IST
അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം പൊതു താത്പര്യ ഹർജി വാദം കേൾക്കാൻ മാറ്റിവച്ചു. കരിമണൽ ഖനനംമൂലം ഉപ്പുവെള്ളം കയറി കുട്ടനാട്ടിലെ നെൽകൃഷി നശിച്ചതിൽ കർഷകർക്ക് നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ നലകിയ പൊതുതാത്പര്യ ഹർജി വിശദമായ വാദം കേൾക്കാൻ ഒക്ടോബർ ഏഴിലേക്ക് മാറ്റി. ചീഫ് ജസ്റ്റീസ് നിതിൻ മഥുകർ ജാംദറും ജസ്റ്റീസ് ബസന്ത് ബാലാജിയും ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്.
എസ്യുസിഐ പ്രവർത്തകൻ ആർ. അർജുനൻ നലകിയ പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, അഡ്വ. ലിജു വി. സ്റ്റീഫൻ എന്നിവരാണ് ഹർജിക്കാരനുവേണ്ടി ഹാജരായത്. തീരം നഷ്ടപ്പെടുന്ന കരിമണൽ ഖനനത്തിനെതിരേ 1565 ദിവസമായി നാട്ടുകാർ സമരത്തിലാണ്.
സമരക്കാർക്കെതിരേ കള്ളക്കേസുകളെടുത്തും പോലീസ് മർദനം അഴിച്ചുവിട്ടും കുട്ടനാടിനെ രക്ഷിക്കാനെന്ന പേരിൽ കരിമണൽ ഖനനം നടത്തുകയാണ് സർക്കാർ. സ്വകാര്യ കരിമണൽ കമ്പനിയിൽ നിന്നും കോടികൾ അഴിമതി പണം കൈപ്പറ്റിയതും വൻ വിവാദമായിരുന്നു.