പൂച്ചാക്കൽ പോസ്റ്റ് ഓഫീസ് കെട്ടിടം കാണാമറയത്ത്
1593595
Sunday, September 21, 2025 11:35 PM IST
പൂച്ചാക്കല്‍: പൂച്ചാക്കലിലെ തപാല്‍ ഓഫീസ് അന്വേഷിച്ച് ജനം വലയുന്നു. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന വാടകക്കെട്ടിടത്തില്‍നിന്ന് മറ്റൊരു വാടകക്കെട്ടിടത്തിലേക്ക് കഴിഞ്ഞദിവസം ഓഫീസ് മാറ്റിയിരുന്നു. എന്നാല്‍, ഇപ്പോള്‍ റോഡില്‍നിന്നു നോക്കിയാല്‍ കാണാത്തരീതിയില്‍ മറ്റ് കെട്ടിടങ്ങളുടെ പുറകിലാണ് ഓഫീസ് പ്രവൃത്തിക്കുന്നത്. കെട്ടിടം മാറ്റിയ വിവരം എഴുതിയ പോസ്റ്റര്‍ പഴയകെട്ടിടത്തിന്റെ ഭിത്തിയില്‍ പതിപ്പിച്ചിട്ടുണ്ടെങ്കിലും പലരും അത് ശ്രദ്ധിക്കാതെയാണ് തപാല്‍ ഓഫീസ് അന്വേഷിച്ച് നടക്കുന്നത്.
തപാല്‍ വകുപ്പിന് സ്വന്തമായി സ്ഥലമുണ്ടായിട്ടും കെട്ടിടം നിര്‍മിക്കാന്‍ നടപടിയില്ല. അരനൂറ്റാണ്ടിലേറെയായി പുച്ചാക്കല്‍ പോസ്റ്റ് ഓഫീസ് വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനു സമീപമാണ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പോസ്റ്റല്‍ വകുപ്പ് കെട്ടിടം നിര്‍മിക്കുന്നതിന് സ്വന്തമായി സ്ഥലമുള്ളത്. ഇന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ സ്ഥലം ചുറ്റും കമ്പിവേലി കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും കുറ്റിക്കാടുകള്‍ നിറഞ്ഞുകിടക്കുകയാണ്.
പൂച്ചാക്കല്‍ പഴയപാലത്തിന്റെ തെക്കേക്കരയിലാണ് നിലവില്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ സ്ഥലപരിമിതി മൂലം തിങ്ങി ഞെരുങ്ങി പ്രവര്‍ത്തിക്കുന്നതിനിടയില്‍ കെട്ടിടത്തിന്റെ മുന്‍വശം പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊളിച്ചുമാറ്റേണ്ടിയും വന്നു. ഇതോടെ വെയിലും മഴയും ഏറ്റാണ് പോസ്റ്റ് ഓഫീസില്‍ എത്തുന്ന മഹിളാ പ്രധാന് ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വന്നുപോകുന്നത്.
നാലാള് ഒരേസമയം പോസ്റ്റ് ഓഫീസില്‍ എത്തിയാല്‍ പുറത്തു നില്‍ക്കേണ്ട സ്ഥിതിയുമാണ്. ഇതേത്തുടര്‍ന്നാണ് മറ്റൊരു വാടകക്കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയത്. അതും ഇപ്പോള്‍ കാണാമറയത്താണുള്ളത്. പോലീസ് സ്റ്റേഷനു സമീപത്തുള്ള പോസ്റ്റല്‍ വകുപ്പിന്റെ സ്ഥലത്ത് പോസ്റ്റ് ഓഫീസിന് കെട്ടിടം നിര്‍മിക്കുകയല്ലാതെ ജനങ്ങളുടെ പ്രശ്നത്തിന് മറ്റൊരു പ്രതിവിധിയുമില്ല.