കൃഷിനാശം: കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണം
1594486
Wednesday, September 24, 2025 11:36 PM IST
കുട്ടനാട്: രണ്ടാംകൃഷിയിൽ കുട്ടനാട്ടിൽ ബാക്ടീരിയൽ ബ്ലാസ്റ്റ് മൂലമുള്ള വൻകൃഷി നാശവും വരിനെല്ല്, പീലികവിട എന്നിവയുടെ വളർച്ചമൂലം കർഷകർ നേരിടുന്ന പ്രശ്നങ്ങൾ രാഷ്ട്രീയ കിസാൻ മഹാസംഘ് കേന്ദ്രപഠന പ്രതിനിധി സംഘത്തിനു മുമ്പിൽ വിശദീകരിച്ചു.
കേന്ദ്രസർക്കാർ കൃഷി പ്രിൻസിപ്പൽ സെക്രട്ടറി രുഗ്മിണി മുമ്പാകെ കുട്ടനാട്ടിലെ കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ നെല്ല് വില ക്വിറ്റലിന് 3600 രൂപയായി ഉയർത്തുക, കൊയ്ത്ത് കഴിഞ്ഞ ഉടൻ നെല്ല് സംഭരിക്കുകയും നെല്ലിന്റെ വില കർഷകർക്ക് ഉടൻ നൽകുകയും ചെയ്യുക, കൈകാര്യച്ചെലവ് സർക്കാർ പൂർണമായും ഏറ്റെടുക്കുകയും ഇർപ്പത്തിന്റെ പേരിൽ കീഴിവ് ഇടാക്കുന്ന നടപടി ഇല്ലാതാക്കുകയും ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാക്കന്മാരായ ടോം ജോസഫ് ചമ്പക്കുളം, നൈനാൻ തോമസ് മുളപ്പാംമഠം, ഔസേപ്പച്ചൻ ചെറുകാട്, തോമസ് വർക്കി വടുതല, കൈനകരി കൃഷിഭവനു കീഴിലുള്ള ഉമ്പിക്കാട്ടുപാടശേഖരത്തിലെ കർഷകരായ സതീശൻ, റോയി എന്നിവർ വിഷയങ്ങൾ കേന്ദ്രകൃഷി സംഘത്തിനു മുമ്പിൽ വിശദീകരിക്കുകയും നിവേദനം നൽകുകയും ചെയ്തു.