വിമതവിഭാഗം ഒന്നേകാല്‍ കോടി തിരിമറി നടത്തിയെന്ന് സ്വർണ വ്യാപാരികൾ
1594487
Wednesday, September 24, 2025 11:36 PM IST
ആലപ്പുഴ: സമാന്തര സംഘടന രൂപീകരിച്ചവരെ ജില്ലാ രജിസ്ട്രാര്‍ വഴിവിട്ട് സഹായിച്ചെന്ന ആരോപണവുമായി ഓള് കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്. അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് റോയി പാലാത്ര പത്രസമ്മേളനത്തിലാണ് ആരോപണമുന്നയിച്ചത്.
തങ്ങള്‍ എ 202/2000 ആയി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വരുന്ന സംഘടനയും രജിസ്ട്രേഷന് യഥാസമയം പുതുക്കി വരുന്നതുമാണെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് അറിയിച്ചു. ഇക്കാര്യം ജനറല്‍ബോഡി ചേര്‍ന്നു ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുകയും മാറ്റങ്ങള്‍ നിയമപ്രകാരം രജിസ്ട്രാറെ ഓഗസ്റ്റ് ഒന്നിനു രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നിട്ടും രജിസ്ട്രാറുടെ നിലപാട് മൂലം സംഘടനയുടെ അക്കൗണ്ടില്‍നിന്ന് ഒന്നേകാല്‍ കോടി രൂപ രണ്ടു പ്രാവശ്യമായി വിമതർ പിന്‍വലിച്ചു.
ജില്ലാ രജിസ്ട്രാറുടെ നടപടി മൂലം സാമ്പത്തിക നഷ്ടവും സംഘടനാ പ്രവര്‍ത്തനത്തിനു തടസവും നേരിട്ടതായും സംഘടന കുറ്റപ്പെടുത്തി.
2014ല്‍ കൊടുവള്ളി സുരേന്ദ്രന്, എസ്. അബ്ദുല്‍ നാസര്‍, ഐമുഹാജി എന്നിവരെ സംഘടനയില്‍നിന്നു പുറത്താക്കി. പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്നു സമാന്തര സംഘടന രൂപീകരിച്ച് ചിഹ്നം, കൊടി, സംഘടനയുടെ പേര് എന്നിവ അനധികൃതമായി ഉപയോഗിക്കുകയും ബാങ്കില്‍ നിക്ഷേപിച്ച പണം സമാന്തര സംഘടന രൂപീകരിച്ചവര്‍ പിന്‍വലിക്കുകയും ചെയ്തെന്നും ഓള് കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് റോയി പാലത്തറ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
അന്തിമ വിധി വന്നിട്ടില്ലെന്ന്
മറുപക്ഷം
ആലപ്പുഴ: കേരളത്തിലെ സ്വര്‍ണ വ്യാപാര സമൂഹത്തിലെ 99ശതമാനം പേരും തങ്ങളോടൊപ്പമാണെന്നും ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് തങ്ങളുടേതാണെന്നും പ്രസിഡന്റ് കെ. സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ എന്നിവര്‍ പറഞ്ഞു.
ഫെബ്രുവരിയില്‍ നടന്ന അസോസിയേഷന് തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ബി.ഗോവിന്ദനും നാലുപേരും പുറത്തു പോയി മറ്റൊരു വിഭാഗവുമായി ചേര്‍ന്നിരുന്നു. ഇവർ പോയ ശേഷം നിരവധി പരിപാടികള്‍ കേരളത്തില്‍ നടത്തി. കേരളത്തിലെ സ്വര്‍ണ വ്യാപാരികളുടെ സമ്പൂര്‍ണ മഹാസമ്മേളനം ഉള്‍പ്പെടെ തങ്ങള്‍ നടത്തിയിരുന്നുവെന്നും കെ. സുരേന്ദ്രന് അറിയിച്ചു.
2013ൽ സംഘടന പിളര്‍ന്ന ശേഷമുള്ള അവകാശ തര്‍ക്കങ്ങള്‍ വിവിധ കോടതികളില്‍ നടക്കുകയാണെന്നും അന്തിമവിധി ഇതുവരെയും വന്നിട്ടില്ലെന്നും കെ. സുരേന്ദ്രന് അവകാശപ്പെട്ടു. അസോസിയേഷന്റെ പഴയ നിയമാവലിയിലും പുതിയ നിയമാവലിയിലും ചെയര്മാന് എന്ന സ്ഥാനം ഇല്ലെന്നും ഗോവിന്ദന്റെ ചെയര്മാന് പദവി സാങ്കല്പികം മാത്രമാണെന്നും ഇരുവരും ആരോപിച്ചു.