അടിപ്പാത-കൊപ്പാറ റോഡ് തകർന്നു
1593860
Monday, September 22, 2025 11:39 PM IST
ഹരിപ്പാട്: കരുവാറ്റ വഴിയമ്പലത്തുനിന്നു റെയിൽവേ അടിപ്പാത വഴി കൊപ്പാറക്കടവ് വരെയുള്ള റോഡിലെ കുഴികൾ വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു. മഴ പെയ്താൽ റോഡ് വെള്ളക്കെട്ടാകും. റോഡിലൂടെ കാൽനടയാത്രക്കാർക്കുപോലും പോകാനാകാത്ത സ്ഥിതിയാണ്.
വാഹനങ്ങൾ പോകുമ്പോൾ കാൽനടക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്നത് പതിവാണ്.ഒരുവശത്ത് തോടായതിനാൽ വശത്തേക്ക് മാറാനും കഴിയില്ല. കരുവാറ്റ പഞ്ചായത്ത് അഞ്ചാം വാർഡിലാണ് റോഡ്. റോഡ് ടാർ ചെയ്യുന്നതിന് 15.13 ലക്ഷം രൂപയും വൈദ്യുതിത്തൂണുകൾ മാറ്റിയിടുന്നതിന് 86,000 രൂപയും അനുവദിച്ചിരുന്നു.
എന്നാൽ, അനുവദിച്ച തുക കൊണ്ട് റോഡിലെ കുറച്ചുഭാഗം മാത്രമാണ് ടാർ ചെയ്തത്. തോപ്പിൽ മുതൽ 200 മീറ്ററോളം ഭാഗമാണ് പൂർണമായും തകർന്നിരിക്കുന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് കൂടുതലായും ഇതുവഴി പോകുന്നത്.
ദേശീയപാതയിൽനിന്നു കൊപ്പാറക്കടവ് പാലംവഴി ചെറുതനയിലും വീയപുരത്തും എളുപ്പമെത്താവുന്ന റോഡായതിനാൽ ഏറെ ആൾക്കാരുടെ ആശ്രയമാണിത്.
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.