കുട്ടനാട് സ്റ്റഡീസ് ആൻഡ് റിസര്‍ച്ച് സെന്റര്‍ ഇന്നുതുറക്കും
1594484
Wednesday, September 24, 2025 11:36 PM IST
ബെന്നി ചിറയിൽ
ചങ്ങനാശേരി: എസ്ബി കോളജില്‍ കുട്ടനാട് സ്റ്റഡീസ് ആൻഡ് റിസര്‍ച്ച് സെന്റര്‍ ഇന്നുതുറക്കും. കുട്ടനാടിന്റെ സുസ്ഥിരവികസനം, നിലനില്‍പ്പ്, കാര്‍ഷിക പരിസ്ഥിതി പഠനം, ഗവേഷണം എന്നിവയ്ക്കുവേണ്ടിയാണ് പുതിയ സെന്റര്‍ തുറക്കുന്നത്. കുട്ടനാട് ഇന്നലെ, ഇന്ന്, നാളെ സെന്ററില്‍ തുടര്‍ച്ചയായ വിശകലനം നടത്തും.
ഉച്ചകഴിഞ്ഞു രണ്ടിന് കോളജിലെ കര്‍ദിനാള്‍ മാര്‍ പടിയറ സെന്ററില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തും. കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.
കുട്ടനാടിന്റെ ഹൈഡ്രോളജി, കൃഷി, മത്സ്യബന്ധനം വിവിധ ഉപജീവനോപാധികള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കാണ് പ്രഥമ പരിഗണന. അധ്യാപകരുടെയും വിദ്യാര്ഥികളുടെയുമൊപ്പം പൊതുജന പങ്കാളിത്തവും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പാക്കും.
വിവരശേഖരം സജ്ജമാക്കും
സെന്റ് ബര്‍ക്ക്മാന്‍സ് കോളജിലെ വിശാലമായ ലൈബ്രറിയുടെ ഭാഗമായാണ് കുട്ടനാട് വിജ്ഞാനകേന്ദ്രം സ്ഥാപിക്കുന്നത്. കുട്ടനാടുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ പുസ്തകങ്ങളും ലേഖനങ്ങളും ഇലക്ട്രോണിക് സ്രോതസുകളും ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്രദമായരീതിയില്‍ ഏറ്റവും മികച്ച റഫറന്‍സ് കേന്ദ്രമാക്കി മാറ്റും.
റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍
എസ്ബി കോളജ് പ്രിന്‍സിപ്പല്‍
സ്റ്റുഡന്റ്സ് റിസര്‍ച്ച് ഫോറം രൂപീകരിക്കും
കോളജിലെ കുട്ടനാട് പ്രദേശത്തുനിന്നുള്ള വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി കുട്ടനാട് സ്റ്റുഡന്റ്സ് റിസര്‍ച്ച് ഫോറം രൂപീകരിച്ച് സ്ഥിരവും കൃത്യവുമായ ഒരു വിവരശേഖരണം ഉറപ്പാക്കും. ലഭിക്കുന്ന വിവരങ്ങള്‍ കുട്ടനാട് മേഖലയുമായി ബന്ധപ്പെട്ട അധ്യാപകര്‍ ഉള്‍പ്പെടുന്ന ടീച്ചേഴ്സ് റിസര്‍ച്ച് ഫോറം പരിഗണിക്കേണ്ട ഗവേഷണവിഷയങ്ങളുടെ ഒരു മുന്‍ഗണനാക്രമം തയാറാക്കും.
അധ്യാപകരുടെ നേതൃത്വത്തില്‍ വിഷയത്തെ ആഴത്തില്‍ പഠിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച സ്ഥാപനങ്ങളും ശാസ്ത്രജ്ഞരുമായുള്ള കോളാബറേഷനിലൂടെ നൂതനവും കുട്ടനാടിന്റെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കും.
ഡോ. റൂബിന് ഫിലിപ്പ്
കുട്ടനാട് സ്റ്റഡീസ് ആൻഡ്
റിസര്‍ച്ച് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍
ഒരുനെല്ലും ഒരുമീനും പദ്ധതി
12 മാസവും വരുമാനം ലഭിക്കുന്ന ഒരുനെല്ലും ഒരുമീനും പദ്ധതി നടപ്പാക്കണം. വര്‍ഷകാലത്ത് നെല്ലും കൊയ്ത്തിനുശേഷം വേനല്‍ക്കാലത്ത് മത്സ്യകൃഷിയും കര്‍ഷകര്‍ക്ക് ഗുണകരമാണ്. പാടശേഖരങ്ങളുടേയും കായലുകളുടേയും ബണ്ടുകള്‍ ബലപ്പെടുത്തിയാല്‍ ഫാം റോഡുകള്‍ മെച്ചമാകും. ബണ്ടിന്റെ വശങ്ങളില് പച്ചക്കറി കൃഷിയിറക്കാനാകും. താന്‍ കാലങ്ങളോളം കൃഷി ചെയ്തിരുന്ന ചിത്തിരക്കായലില്‍ ഏഴര കിലോമീറ്റര്‍ ദൂരത്തില്‍ ഫാം റോഡ് സജ്ജമാണ്.
ജോസ് ജോണ്‍ വെങ്ങാന്തറ
(കുട്ടനാട്ടിലെ മുതിര്‍ന്ന കര്ഷകന്)
കാത്തിരിക്കാന്‍ സമയമില്ല
കര്‍ഷകരും കര്‍ഷകത്തൊ ഴിലാളികളും ജീവിത മത്സരത്തിന്റെ എല്ലാ രംഗങ്ങളിലും പിന്നാക്കം പോകുന്നു. അടിസ്ഥാന വിഷയങ്ങള്‍ പഠിക്കാനും ഗവേഷണത്തിലൂടെ രക്ഷാപദ്ധതികള്‍ കരുപ്പിടിപ്പിക്കാനും ആധികാരികതയും വിശ്വാസ്യതയുമുള്ള ഒരു സംവിധാനം അനിവാര്യമാണ്. അതിനാണ് എസ്ബി കോളജില്‍ സെന്റര്‍ ഫോര്‍ കുട്ടനാട് സ്റ്റഡീസ് ആൻഡ് റിസര്‍ച്ച് സെന്റര്‍ തുടക്കംകുറിക്കുന്നത്.
വര്‍ഗീസ് കണ്ണമ്പള്ളി
ഡയറക്ടര്‍ ബോര്‍ഡംഗം,
കുട്ടനാട് സ്റ്റഡീസ് ആൻഡ് റിസര്‍ച്ച് സെന്റർ