നൂറനാട് ലെപ്രസി സാനിട്ടോറിയത്തിൽ ഒപി കഴിഞ്ഞാൽ ഡോക്ടറില്ല
1593597
Sunday, September 21, 2025 11:35 PM IST
ചാരുംമൂട്: നൂറനാട് ലെപ്രസി സാനിട്ടോറിയം ആശുപത്രിയില്‍ ഒപി സമയം കഴിഞ്ഞാല്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. രാവിലെ എത്തുന്ന ഡോക്ടര്‍മാര്‍ ഉച്ചയ്ക്ക് ഒന്നോടെ ഒപി പൂര്‍ത്തിയാക്കി മടങ്ങും.
ഉച്ചയ്ക്കുശേഷം അത്യാഹിതവിഭാഗത്തില്‍ എത്തുന്നവര്‍ക്കു പോലും ഇപ്പോള്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നില്ലന്നാണ് പരാതി.
സാനിട്ടോറിയം അന്തേവാസികള്‍ക്കുവേണ്ടി നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ ഒപി വിഭാഗം ആരംഭിക്കുകയും മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയായി സാനിട്ടോറിയത്തെ ഉയര്‍ത്തുകയും ചെയ്തെങ്കിലും വേണ്ടത്ര ഡോക്ട്ടര്മാരോ അടിസ്ഥാന സൗകര്യങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ല. ശസ്ത്രക്രിയ വിഭാഗം, എക്സ്റേ വിഭാഗം, ലാബ് എന്നിവയും ഉച്ചവരെ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.
ജനങ്ങള്‍ക്കു പ്രയോജനകരമായരീതിയില്‍ ആശുപ്രതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നാണ് ആവശ്യം. എഴുപത്തിയഞ്ചോളം അന്തേവാസികള്‍ ലെപ്രസി സാനിട്ടോറിയത്തില്‍ താമസക്കാരായുണ്ട്. രാത്രികാലങ്ങളില്‍ അന്തേവാസികള്‍ക്ക് അത്യാവശ്യമായി ഡോക്ടറുടെ സേവനം ആവശ്യമായാല്‍ ഡോക്ടറെ ഫോണിലൂടെ ബന്ധപ്പെടുകയാണ് ഇപ്പോള്‍ നൈറ്റ് ഡ്യൂട്ടിയിലുള്ള നഴ്സുമാര്‍ ചെയ്യുന്നത്. ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടുകയും അന്തേവാസിക്കുണ്ടാകുന്ന രോഗവിവരങ്ങള്‍ അറിയിക്കുകയും ചെയ്യും.
രോഗം കുടിയാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അന്തേവാസിയെ രാത്രിയില്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളജിലേക്കു മാറ്റും. ഓക്്സിജന്‍ പ്ലാന്റ് ഉള്‍പ്പെടെ എല്ലാവിധ സൗകര്യവും എട്ട് ഡോക്ടര്‍മാരുടെ സേവനവും നൂറനാട് സാനിട്ടോറിയത്തിനുണ്ട്. എംപി, എംഎല്‍എ എന്നിവര്‍ ഇടപെട്ട് ഒപി വിഭാഗത്തിന്റെ സേവനം 24 മണിക്കൂര്‍ ആക്കുകയും ഡോക്ടറുടെ സേവനം മുഴുവന്‍ സമയവും ഏര്‍പ്പെടുത്തുകയും ലാബ്, എക്സ്റേ എന്നിവയുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കുകയും ചെയ്യുന്നതിന് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.