ദയനീയം, ഈ ഗ്രാമീണ റോഡുകൾ; പാലമേൽ പഞ്ചായത്തിൽ റോഡുകൾ തകർന്നു
1594292
Wednesday, September 24, 2025 6:54 AM IST
ചാരുംമൂട്: പാലമേൽ പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർന്നതോടെ ജനം ദുരിതത്തിലായി. കാൽനടയാത്ര പോലും ദുഷ്കരമായ റോഡുകൾ നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ഉയരുകയാണ്.
പാലമേൽ പഞ്ചായത്തിലെ 11-ാം വാർഡിലെ വിവിധ റോഡുകളായ മൈലാടുംമുകൾ- മന്ദിരത്തിൽ റോഡ്, ആദിക്കാട്ടുകുളങ്ങര- അമ്പോലിച്ചിറ- കുറ്റിയിൽ റോഡ്, മുങ്ങിനാൽ ഏല - പയ്യനല്ലൂർ റോഡ്, ആദിക്കാട്ടുകുളങ്ങര -പുതുക്കുളം, ആദിക്കാട്ടുകുളങ്ങര പുലച്ചാതിവിള പള്ളിക്കൽ പഞ്ചായത്ത് പടിക്കൽ റോഡ് എന്നിവയാണ് സഞ്ചാരയോഗ്യമല്ലാതായി തകർന്നു കിടക്കുന്നത്.
മൈലാടും മുകൾ- മന്ദിരത്തിൽ റോഡ് എംപി ഫണ്ട് ഉപയോഗിച്ച് ഒരു വർഷം മുമ്പ് പണി തുടങ്ങിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. 2024 ഫെബ്രുവരിയിൽ 22 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നിർമാണം തുടങ്ങിയത്. എന്നാൽ, പണി പൂർത്തിയാക്കിയില്ല.
റോഡിന്റെ നിർമാണസമയത്ത് കോൺട്രാക്ടർ സാധനങ്ങൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തുവന്നിരുന്നു. ആദിക്കാട്ടുകുളങ്ങര അമ്പോലിച്ചിറ കുറ്റിയിൽ റോഡിലൂടെ ദിനംപ്രതി നിരവധി സ്കൂൾ ബസുകളാണ് കടന്നുപോകുന്നത്.
കുറ്റിയിൽ എൽപിഎസ്, തെങ്ങമം, പയ്യനല്ലൂർ, ആനയടി ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്. പയ്യനല്ലൂർ ഗവ. സ്കൂളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള റോഡാണ് ആദിക്കാട്ടുകുളങ്ങര- പുലച്ചാതി വിളറോഡ്. കായംകുളം പുനലൂർ റോഡിൽനിന്നു പള്ളിക്കൽ പഞ്ചായത്തിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള റോഡും തകർന്ന് തരിപ്പണമായിട്ട് മാസങ്ങളായി. നൂറുകണക്കിന് കർഷകർ വ്യാപകമായി കൃഷി ചെയ്യുന്ന പുതുക്കുളത്തേക്ക് എത്താനുള്ള ആദിക്കാട്ടുകുളങ്ങര- പുതുക്കുളം റോഡും ദുരിതപൂർണമാണ്. പാലമേൽ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡുകളിലൂടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. തകർന്ന് കിടക്കുന്ന റോഡുകളിൽ അപകടങ്ങളും പതിവായിരിക്കുകയാണ്. റോഡുകൾ അടിയന്തരമായി പുനർനിർമിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.