കുട്ടപ്പപ്പണിക്കർ കൊല: പ്രതിയെ കുടുക്കിയത് ചെങ്ങന്നൂർ പോലീസിന്റെ അന്വേഷണ മികവ്
1593857
Monday, September 22, 2025 11:39 PM IST
ചെങ്ങന്നൂർ: 31 വർഷമായി പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ വിചാരണ മുടങ്ങിക്കിടന്ന കുട്ടപ്പപ്പണിക്കർ കൊലക്കേസിന് ഇനി ജീവൻ വയ്ക്കും. ചെങ്ങന്നൂർ പോലീസിന്റെ അന്വേഷണ മികവാണ് മൂന്നു പതിറ്റാണ്ടിനു ശേഷം പ്രതിയെ അറസ്റ്റ് ചെയ്യാൻ വഴിയൊരുക്കിയത്. തന്റെ പിതാവിനെക്കുറിച്ച് കുട്ടപ്പപ്പണിക്കർ എന്ന വയോധികൻ മോശമായി ചിലതൊക്കെ പറഞ്ഞു എന്നതിന്റെ പേരിൽ 26 വയസ് ഉണ്ടായിരുന്ന ജയപ്രകാശ് 31 വർഷം മുന്പു നടത്തിയ മർദനമാണ് ഒടുവിൽ കൊലപാതകമായി പരിണമിച്ചത്.
1994 നവംബർ 15നു രാത്രി ഏഴിന് ശേഷം വീട്ടിലേക്കു നടന്നുപോവുകയായിരുന്ന 71 വയസുകാരനായ കുട്ടപ്പപ്പണിക്കരെ കനാലിനു സമീപത്തു വച്ച് ജയപ്രകാശ് ചോദ്യം ചെയ്തു. വാക്കേറ്റം കൈയേറ്റത്തിലെത്തി.
മർദനം,
കൊലപാതകം
പ്രകോപിതനായ ജയപ്രകാശ് കല്ലുകൊണ്ടും കൈകൊണ്ടും മർദിക്കുകയും ചവിട്ടുകയും ചെയ്തെന്നാണ് പോലീസ് കണ്ടെത്തൽ. ഗുരുതര പരിക്കേറ്റ കുട്ടപ്പപ്പണിക്കരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിനു ശേഷം ജയപ്രകാശ് മുംബൈയിലേക്കു കടന്നു. എന്നാൽ, ഡിസംബർ നാലിനു കുട്ടപ്പപ്പണിക്കർ മരിച്ചു. ഇതോടെ കുടുങ്ങുമെന്നു കരുതിയ പ്രതി അവിടെനിന്നു സൗദി അറേബ്യയിലേക്കു രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്താൻ പോലീസ് വ്യാപക അന്വേഷണം നടത്തിയെങ്കിലും ഒരു തുന്പും കിട്ടിയില്ല. 1997ൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
സംഭവം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും പ്രതിയെ പോലീസിനു കണ്ടത്താൻ സാധിക്കാത്തതിനെത്തുടർന്ന് 1999ൽ ജയപ്രകാശിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചു. സംഭവത്തോടെ ജയപ്രകാശിന്റെ സഹോദരങ്ങളും മറ്റും സ്ഥലവും വീടും വീറ്റ് ഇവിടെനിന്നു പോയി. ഇതോടെ പ്രതിയെ കിട്ടാനുള്ള സാധ്യത വീണ്ടും കുറഞ്ഞു.
വലയിലേക്ക്
ഇതിനിടെ, ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ജില്ലയിലെ പെൻഡിംഗ് കേസുകളുടെ ലിസ്റ്റ് എടുത്തു. കുട്ടപ്പപ്പണിക്കരുടെ കേസ് ശ്രദ്ധയിൽപ്പെട്ടു. കേസ് പുനരന്വേഷിക്കാൻ ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എ.സി. വിപിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ സഹോദരി കാസർഗോഡ് കാഞ്ഞങ്ങാട്ടും സഹോദരൻ പൂനയിലും താമസിക്കുന്നതായി കണ്ടെത്തി.
ഇവരെ ചോദ്യം ചെയ്തതിൽനിന്നു ജയപ്രകാശ് ഗൾഫിലാണെന്നു വ്യക്തമായി. ഇതോടെ പോലീസ് അന്വേഷണവും നിരീക്ഷണവും ശക്തമാക്കി.
ചെന്നിത്തല കാരാഴ്മയിൽനിന്നു പ്രതി വിവാഹം കഴിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. അവധിക്കാലത്ത് ഇയാൾ ഭാര്യയുടെ നാട്ടിൽ എത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. ഇതോടെ വലയൊരുക്കി കാത്തിരുന്ന പോലീസിന്റെ കൈകളിലേക്കു പ്രതി വന്നു വീഴുകയായിരുന്നു.
ചെന്നിത്തല ഒരിപ്രം ഇന്ദീവരം വീടിനു സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പ്രത്യേക അപേക്ഷ കോടതിയിൽ നൽകുമെന്ന് പോലീസ് പറഞ്ഞു.