കുട്ടപ്പപ്പണിക്കർ കൊല: പ്രതിയുമായി തെളിവെടുപ്പ് നടത്തി
1594488
Wednesday, September 24, 2025 11:36 PM IST
ചെങ്ങന്നൂർ: 31 വർഷം മുൻപ് നടന്ന കൊലപാതകക്കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ചെറിയനാട് അരിയന്നൂർ ചെന്നങ്കോടത്ത് വീട്ടിൽ കുട്ടപ്പപ്പണിക്കരെ (71) മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അരിയന്നൂർശേരി കുറ്റിയിൽ പടീറ്റതിൽ ജയപ്രകാശി(57)നെയാണ് ചെങ്ങന്നൂർ പോലീസ് തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചത്. ചെങ്ങന്നൂർ സിഐ എ.സി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
അരിയന്നൂർശേരി പിഐപി കനാൽ ബണ്ടിനു സമീപം ആക്രമണം നടന്ന സ്ഥലം ജയപ്രകാശ് പോലീസിനു കാണിച്ചുകൊടുത്തു. സംഭവം വിശദികരിച്ചു. 1994 നവംബർ 15ന് രാത്രി ഏഴിനാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവം നടന്നത്. ജയപ്രകാശിന്റെ പിതാവിനെക്കുറിച്ച് മോശമായി സംസാരിച്ചതിനെത്തുടർന്ന് കുട്ടപ്പപ്പണിക്കരെ കല്ലുകൊണ്ട് മർദിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 1994 ഡിസംബർ 15ന് മരിച്ചു.
സംഭവത്തിനുശേഷം പിറ്റേന്ന് തന്നെ ജയപ്രകാശ് മുംബൈയിലേക്കും കുട്ടപ്പ പ്പണിക്കർ മരിച്ചതറിഞ്ഞപ്പോൾ സൗദിയിലെ ജോലിസ്ഥലത്തേക്കും മടങ്ങി. 1999-ൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മൂന്നു വർഷത്തിനുശേഷം കാസർഗോഡ് സ്വദേശി എന്ന വ്യാജപേരിൽ ചെന്നിത്തലയിൽനിന്ന് ഇയാൾ വിവാഹം കഴിച്ചു. എല്ലാ വർഷവും അവധിക്ക് നാട്ടിലെത്തിയിരുന്നെങ്കിലും ഭാര്യവീടിന്റെ വിലാസത്തിൽ പാസ്പോർട്ട് പുതുക്കിയിരുന്നതിനാൽ ഇയാളെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞില്ല.
രഹസ്യവിവരത്തെത്തുടർന്ന്ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി പി. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം ചെന്നിത്തല ഒരിപ്രയിലുള്ള ഭാര്യാവീടിന് സമീപത്തുനിന്ന് ജയപ്രകാശിനെ പിടികൂടിയത്. എസ്ഐ എസ്. പ്രദീപ്, സിപിഒമാരായ ബിജോഷ് കുമാർ, വിബിൻ, കെ. ദാസ് എന്നിവർ തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു.