എസ്ബി കോളജിൽ കുട്ടനാട് പഠനഗവേഷണകേന്ദ്രം ഉദ്ഘാടനം നാളെ
1594284
Wednesday, September 24, 2025 6:54 AM IST
ചമ്പക്കുളം: ചങ്ങനാശേരി എസ്ബി കോളജിൽ ആരംഭിക്കുന്ന സെന്റർ ഫോർ കുട്ടനാട് സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനവും ഇ. ജോൺ ജേക്കബ്, ഷെവ. ഐ.സി. ചാക്കോ അനുസ്മരണ പ്രഭാഷണങ്ങളും നാളെ രണ്ടിന് നടക്കും. കുട്ടനാട് മേഖലയുടെ സുസ്ഥിര വികസനത്തിനും നിലനില്പിനും കാർഷിക പരിസ്ഥിതി സാമൂഹിക പങ്കാളിത്ത പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പാക്കുന്നതിനാണ് സെന്റർ ഫോർ കുട്ടനാട് സ്റ്റഡീസ് ആൻഡ് റിസർച്ച്. എസ്ബി കോളജ് മാനേജർ മോൺ. ആന്റണി എത്തയ്ക്കാട്ട് ആശീർവാദകർമം നിർവഹിക്കും.
കർദിനാൾ ആന്റണി പടിയറ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും. തുടർന്ന് ഇ. ജോൺ ജേക്കബ്, ഷെവ. ഐ.സി. ചാക്കോ അനുസ്മരണ പ്രഭാഷണങ്ങളും നടക്കും.
കളക്ടർ അലക്സ് വർഗീസ് സന്ദേശവും മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണവും മാനേജർ ഫാ. ആന്റണി എത്തയ്ക്കാട്ട് ആമുഖ പ്രസംഗവും നടത്തും. സെന്ററിന്റെ ദർശനാവതരണവും ധാരണാപത്രസമർപ്പണവും മുഖ്യ ബനഫാക്ടർ ജോസ് ജോൺ വേങ്ങാന്ത്ര നിർവഹിക്കും. മലയാള മനോരമ മാനേജിംഗ് എഡിറ്റർ ജേക്കബ് മാത്യു ഇ. ജോൺ ജക്കബ് അനുസ്മരണവും ഡോ. സിസ്റ്റർ മാർഗരറ്റ് മരിയ ജോസ് എസ്എബിഎസ് ഷെവലിയർ ഐ.സി. ചാക്കോ അനുസ്മരണവും നടത്തും. എസ്ബി കോളജ് പ്രിൻസിപ്പൽ ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പിൽ, ജയ് ചാക്കോ ഇലഞ്ഞിക്കൽ, വർഗീസ് കണ്ണമ്പള്ളി എന്നിവർ പ്രസം ഗിക്കും.
കുട്ടനാട്ടിലെ കർഷക, സന്നദ്ധ സംഘടനകൾ, വിദ്യാർഥികൾ, ഗവേഷകർ തുടങ്ങി വിവിധ മേഖലകളിൽ കുട്ടനാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുള്ള ആധികാരിക അക്കാദമിക് ഗവേഷണ സൗകര്യം ഒരുക്കി നല്കാൻ കേന്ദ്രത്തിനാകുമെന്ന് അണിയറ പ്രവർത്തകരായ, ഡോ. ജോ പ്രസാദ് മാത്യു, ഡോ. റൂബിൻ ഫിലിപ്പ്, ഫാ. മോഹൻ മുടന്താഞ്ഞിലി, ഫാ. സ്കറിയ സ്രാമ്പിക്കൽ, ആന്റണി ചമ്പക്കുളം എന്നിവർ അറിയിച്ചു.