കാൽലക്ഷം പേരുടെ ഒപ്പുശേഖരണം ആരംഭിച്ചു
1593854
Monday, September 22, 2025 11:39 PM IST
കായംകുളം: തീരദേശത്തെയും മധ്യതിരുവിതാം കൂറിലെയും പ്രധാന സ്റ്റേഷനായ കായംകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരേയും വന്ദേ ഭാരത്, രാജധാനി ഉൾപ്പെടെയുള്ള മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റെയിൽവേ ആക്ഷൻ കൗൺസിൽ കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിക്കുന്ന കാൽലക്ഷം യാത്രക്കാരുടെ ഒപ്പു ശേഖരണം ആരംഭിച്ചു. ഒപ്പു ശേഖരണത്തിന്റെ ഉദ്ഘാടനം ആദ്യകാല കമ്യുണിസ്റ്റ് നേതാവും മുൻ നഗരസഭാ ചെയർമാനുമായ കെ. നാരായണൻ നിർവഹിച്ചു. ആക്ഷൻ കൗൺസിൽ പ്രസിഡന്റ് യു. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ പി. ശശികല, കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീഹരി, കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, തോമസ് എം. മാത്തുണ്ണി, പാലമുറ്റത്ത് വിജയകുമാർ, ടോം ജേക്കബ് , എ. ത്വാഹാ മൗലവി, കെപിസിസി സെക്രട്ടറിമാരായ അഡ്വ. ഇ. സമീർ, കറ്റാനം ഷാജി, ഡോ. ചേരാവള്ളി ശശി തുടങ്ങിയവർ പങ്കെടുത്തു.