നെല്ല് പുഴുങ്ങിക്കുത്ത് വ്യവസായങ്ങൾ പുനരാരംഭിക്കണം: കർഷക ഫെഡറേഷൻ
1594483
Wednesday, September 24, 2025 11:36 PM IST
ആലപ്പുഴ: കുട്ടനാട്ടിലെ കർഷകരുടെ രക്ഷയ്ക്കായി നെല്ല് പുഴുങ്ങിക്കുത്ത് വ്യവസായം പുനരാരംഭിക്കണമെന്ന് കേരള സംസ്ഥാന നെൽ- നാളികേര കർഷക ഫെഡറേഷൻ. കുട്ടനാട് കേന്ദ്രീകരിച്ച് ധാരാളം അരി ഉത്പാദന കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ചെറുതും വലുതുമായി പുഴുങ്ങിക്കുത്ത് കേന്ദ്രങ്ങൾ ശരാശരി 15 എണ്ണം പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നു.
അനുബന്ധമായി നെല്ലുകുത്തുമില്ലുകളും പ്രവർത്തിച്ചിരുന്നു. സഹകരണ സംഘങ്ങളുടെ സാമ്പത്തിക പിന്തുണ നൽകിക്കൊണ്ട് നെല്ല് പുഴുങ്ങിക്കുത്ത് വ്യവസായം ചെറു സഹകരണ സംഘങ്ങൾ മുഖേന ആരംഭിച്ചാൽ കാർഷിക മേഖലയുടെ പ്രതിസന്ധിക്കും തൊഴിൽ മേഖലയുടെ സംരക്ഷണത്തിനും ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ ആകുമെന്ന് കർഷക സംഗമം ഉദ്ഘാടനം ചെയ്ത് കർഷക ഫെഡറേഷൻ പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.
ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ കർഷകസംഗമത്തിൽ വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു. പി.എ. കുഞ്ഞുമോൻ, ജോ നെടുങ്ങാട്, ഹക്കീം മുഹമ്മദ് രാജാ, ജോസ് ടി. പൂണിചിറ, റോയി വേലിക്കെട്ടിൽ, എൻ.എൻ. ഗോപിക്കുട്ടൻ, തോമസുകുട്ടി വാഴപ്പള്ളിക്കളം, ഇ. ഖാലിദ്, ജോർജ് തോമസ് ഞാറക്കാട്, ബിനു നെടുമ്പുറം എന്നിവർ പ്രസംഗിച്ചു.