പെരിയാർ ഇ.വി. രാമസ്വാമി സ്മാരകം നിർമാണോദ്ഘാടനം ഉടൻ
1594286
Wednesday, September 24, 2025 6:54 AM IST
പൂച്ചാക്കൽ: വൈക്കം സത്യഗ്രഹ സമരപ്പോരാളി പെരിയാർ ഇ.വി. രാമസ്വാമി സ്മാരകം അരൂക്കുറ്റിയിൽ നിർമിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കേരള സർക്കാർ തമിഴ്നാടിന് നൽകിയ അര ഏക്കറോളം സ്ഥലമാണ് നിർമാണോദ്ഘാടനത്തിനായി ഒരുങ്ങുന്നത്. വെള്ളിയാഴ്ച തമിഴ്നാട് മന്ത്രി ഇ.വി. വേലുവും സംസ്ഥാന സാംസ്കാരിക മന്ത്രി സജി ചെറിയാനും ചേർന്ന് സ്മാരകത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും.
ദലീമ ജോജോ എംഎൽഎയുടെ നേതൃത്വത്തിൽ മറ്റ് ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. അരൂക്കുറ്റി ബോട്ടുജെട്ടിക്കു സമീപം ചൗക്കയ്ക്കു സമീപമുള്ള ആരോഗ്യവകുപ്പിന്റെ 58 സെന്റ് സ്ഥലമാണ് തമിഴ്നാട് സർക്കാരിന് എല്ലാ രേഖകളും സഹിതം കൈമാറിയത്. വൈക്കം സത്യഗ്രഹത്തിലെ നേതാക്കളെ തിരുവിതാംകൂർ രാജാവിന്റെ നിർദേശ പ്രകാരം അറസ്റ്റ് ചെയ്തപ്പോൾ നേതൃത്വം ഏറ്റെടുത്താണ് രാമസ്വാമി നായ്ക്കർ എത്തിയത്.
തമിഴ്നാട്ടിൽ സമരം നയിച്ച രാമസ്വാമി നായ്ക്കർ പ്രസംഗങ്ങളിലൂടെ ആയിരങ്ങളെ സമരത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്നു. സമരം ശക്തമായതോടെ രാമസ്വാമി നായ്ക്കർ അടക്കമുള്ള സമരനേതാക്കളെ അറസ്റ്റ് ചെയ്ത് തടവിലാക്കിയത് അരൂക്കുറ്റി ചൗക്ക ജയിലിലായിരുന്നു. രാമസ്വാമി നായ്ക്കറിനെ ജയിലിൽ പാർപ്പിച്ച സ്ഥലത്ത് സ്മാരകം സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
അരൂക്കുറ്റിയും വൈക്കം സത്യഗ്രഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും നിയമസഭയിൽ മന്ത്രി വിശദീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് അരൂക്കുറ്റിയിൽ തമിഴ്നാട് സർക്കാർ പ്രതിനിധികൾ എത്തിയതും സ്ഥലം കണ്ടെത്തിയതും.1140.98 സ്ക്വയർഫീറ്റ് വിസ്തീർണത്തിലുള്ള കെട്ടിടത്തിന്റെ നിർമാണം അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.