മണൽക്കടത്ത് അവസാനിപ്പിച്ചിട്ട് വേണം ഫെസ്റ്റ് നടത്താനെന്ന് കോൺഗ്രസ്
1594281
Wednesday, September 24, 2025 6:54 AM IST
അമ്പലപ്പുഴ: മണൽക്കടത്ത് അവസാനിപ്പിച്ചിട്ട് വേണം ഫെസ്റ്റ് നടത്താനെന്ന് കോൺഗ്രസ്. തോട്ടപ്പള്ളിയിൽ ബീച്ച് ഫെസ്റ്റ് എന്ന പേരിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്നത് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടും തികഞ്ഞ രാഷ്ട്രീയ തട്ടിപ്പുമാണെന്ന് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. കടൽത്തീരം കരിമണൽ മാഫിയയ്ക്ക് തീറെഴുതി കൊടുത്തവർ തീരദേശ ജനതയുടെ മുമ്പിൽ കപടനാടകം കളിക്കുകയാണ്.
ശിലാഫലകത്തിൽ പേര് കൊത്താനും ഫ്ലക്സ് ബോർഡിൽ തല വയ്ക്കാനും വാർത്തകളിൽ ഇടം നേടാനുമുള്ള ഓട്ടത്തിൽ നാട്ടിലെ അനിവാര്യമായ ജനക്ഷേമ പദ്ധതികളും പരിപാടികളും ഉത്തരവാദിത്വപ്പെട്ടവർ ബോധപൂർവം മറക്കുന്നത് മാപ്പർഹിക്കാത്ത തെറ്റാണെന്നും ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം വിലയിരുത്തി. കരിമണൽ കമ്പനിയുടെ പണം ഉപയോഗിച്ച് സിപിഎം നടത്തുന്ന ഈ മാമാങ്കത്തിൽ നാടിനെ സ്നേഹിക്കുന്ന തീരദേശവാസികൾ പങ്കെടുക്കില്ല.
തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ -ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ ഉൾപ്പെടെ സർക്കാർ- അർധസർക്കാർ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരെയും നിർബന്ധിതമായി പരിപാടികളിൽ പങ്കെടുപ്പിക്കാനുള്ള ശ്രമമാണ് പഞ്ചായത്ത് തലത്തിൽ നടക്കുന്നതെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ. ഹാമിദ് ആരോപിച്ചു.