ഓട്ടോക്കൂലി ചോദിച്ച ഡ്രൈവര്‍ക്കു മര്‍ദനം; മൂന്നുപേര്‍ പിടിയിൽ
1595531
Monday, September 29, 2025 12:06 AM IST
ചേര്‍ത്തല: ഓട്ടംവിളിച്ചു കൊണ്ടുപോയ ഓട്ടോഡ്രൈവറെ യാത്രാ ചാര്‍ജ് ചോദിച്ചതിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ച മൂന്നംഗസംഘത്തെ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു. മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയായ നഗരസഭ 14-ാം വാര്‍ഡ് തോപ്പുവെളി നെബു (40), കോയിതുരുത്തുവെളി ശ്യാം (39), തണ്ണീര്‍മുക്കം പഞ്ചായത്ത് 20-ാം വാര്‍ഡ് പുനത്തിക്കരി ഷിബിന്‍ (29) എന്നിവരെയാണ് ചേര്‍ത്തല സ്റ്റേഷന് ഓഫീസര്‍ ജി. അരുണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡു ചെയ്തു.
ശനിയാഴ്ച നാലോടെയാണ് സംഭവം. റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇവര്‍ ജിപ്സണ്‍ സാമവുല്‍ എന്ന ഓട്ടോക്കാരനെ ഓട്ടം വിളിച്ച് ഓംകാരേശ്വരത്ത് റോഡരുകില്‍ നിര്‍ത്തിയപ്പോള്‍ മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ പോലീസ് സംഘമെത്തിയാണ് ആശുപത്രിയിലാക്കിയത്. ഇയാൾ നല്കിയ സൂചനയിലാണ് മൂവരെയും പോലീസ് പിന്തുടര്ന്നു പിടികൂടിയത്.