ശുചിത്വ ദീപശിഖ റിലേ നാളെ നടക്കും, ശുചിത്വോത്സവത്തിന് സമാപനം
1596077
Wednesday, October 1, 2025 12:02 AM IST
ചേര്‍ത്തല: നഗരസഭയിൽ നടന്നുവരുന്ന സ്വച്ഛതാഹി സേവ-ശുചിത്വോത്സവം രണ്ടിന് സമാപിക്കും. 17ന് തുടങ്ങിയ രണ്ടാഴ്ചക്കാലം നീണ്ടുനിന്ന ശുചീകരണ പരിപാടിയില്‍ നഗരസഭയുടെ മുഴുവൻ വാർഡുകളിലും ശുചീകരണം നടന്നു. ശുചിത്വോത്സവത്തോടനുബന്ധിച്ച് ശുചീകരണ വിഭാഗം തൊഴിലാളികൾക്കും ഹരിതകർമ സേനാംഗങ്ങൾക്കുമുള്ള മെഡിക്കൽ ക്യാമ്പ്, ഫുൾബോഡി മെഡിക്കൽ ചെക്കപ്പ്, ദന്ത പരിശോധന എന്നിവയും ഫയർ ഫോഴ്സുമായി ചേർന്ന് സ്വയരക്ഷാ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലുള്ള പരിശീലനം, തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസിൻ്റെ വിതരണം എന്നിവയും നടന്നു.
സമാപനത്തിന്റെ ഭാഗമായി രണ്ടിന് പകല്‍ രണ്ടിന് ശുചിത്വ ദീപശിഖാ റിലേ നടക്കും. നെടുമ്പ്രക്കാട് വിളക്കുമരം പാലത്തില്‍നിന്നും ആരംഭക്കുന്ന ദീപശിഖ റിലേ മുഴുവന്‍ വാര്‍ഡുകളിലും സഞ്ചരിച്ച് വൈകുന്നേരം ആറിന് ടിബി യിൽ സമാപിക്കും. സിനിമാതാരം ജയൻ ചേർത്തല പരിപാടി ഉദ്ഘടാനം ചെയ്യും. ദീപശിഖയിൽ നിന്നും ആയിരം ദീപങ്ങൾ തെളിക്കും. 30 കിലോമീറ്റർ ദൂരത്തിൽ നടക്കുന്ന ശുചിത്വ ദീപശിഖാ റിലേയിൽ നഗരത്തിലെ വിവിധ മേഖലകളിലെ 100 ൽ പരം കായിക താരങ്ങൾ പങ്കെടുക്കും.