ബിന്ദു പദ്മനാഭന് കൊലപാതകം: തെളിവെടുപ്പ് നടത്തി; സെബാസ്റ്റ്യൻ വീണ്ടും റിമാന്‍ഡിൽ
1595790
Monday, September 29, 2025 11:40 PM IST
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭന് കൊലപാതക കേസില്‍ കോടതിയില്‍നിന്നു ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയ പ്രതി സെബാസ്റ്റ്യനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി വീണ്ടും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കസ്റ്റഡി കാലാവധി ചൊവ്വാഴ്ചയാണ് സമാപിക്കുന്നതെങ്കിലും ഒരു ദിവസം നേരത്തെതന്നെ പ്രതിയെ കോടതിക്ക് കൈമാറുകയായിരുന്നു. നിലവില്‍ പ്രതി സെബാസ്റ്റ്യനുമായി നടന്ന തെളിവെടുപ്പുകളില്‍ ലഭിച്ച വിവരങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുന്നതിനാലാണ് ഒരു ദിവസം നേരത്തെതന്നെ പ്രതിയെ കോടതിക്ക് കൈമാറിയതെന്നാണ് അന്വേഷണസംഘത്തില്‍നിന്നു ലഭിക്കുന്ന വിവരം. അഞ്ചു ദിവസം കസ്റ്റഡിയില്‍ ലഭിച്ച സെബാസ്റ്റ്യനെ കൂടുതല്‍ സമയവും ചോദ്യം ചെയ്യുന്നതിനാണ് ചെലവഴിച്ചത്. കൊലപാതകം നടത്തിയ പള്ളിപ്പുറത്തെ വീട്ടിലും അവശിഷ്ടങ്ങള്‍ തള്ളിയ തണ്ണീര്‍മുക്കം ബണ്ടിനുസമീപവും എത്തിച്ചു തെളിവെടുത്തിരുന്നു.
2006 മേയ് ഏഴിന് ബിന്ദു പദ്മനാഭനെ പള്ളിപ്പുറത്തെ വീട്ടില്‍ കൊലപെടുത്തിയതായാണ് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയത്. കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുക അസാധ്യമായതിനാല്‍ മറ്റു തെളിവുകള്‍ പരമാവധി സമാഹരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ഈ സാഹചര്യത്തില്‍ ബിന്ദു ജീവിച്ചിരുന്നപ്പോഴും മരിച്ച 2006 നു ശേഷം ബിന്ദുവിന്റെ പേരില്‍ നടത്തിയിരിക്കുന്ന സ്ഥലമിടപാടുകള്‍ നിര്‍ണായകമാകും. നിര്‍ണായകമായ ഈ ഇടപാടുകളില്‍ പങ്കാളികളായവര്‍ പ്രതികളായോ സാക്ഷികളായോ കൊലപാതകകേസില്‍ ഉള്‍പെടും. പലഘട്ടങ്ങളിലായി ഇവരെ ചോദ്യം ചെയ്തെങ്കിലും പ്രതിപ്പട്ടികയില്‍ ആരും ഉള്‍പെട്ടിരുന്നില്ല. എന്നാല്‍ കൊലപാതകം നടത്തിയെന്ന് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയതോടെ വീണ്ടും ഇവരെ ചോദ്യം ചെയ്യും. സെബാസ്റ്റ്യനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തെങ്കിലും അടുത്ത ഘട്ടത്തില്‍ കൂടുതല്‍ തെളിവെടുപ്പിനായി വീണ്ടും അന്വേഷണസംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന.