പാലമേൽ പഞ്ചായത്തിൽ ഇക്കോ ടൂറിസംപദ്ധതി
1595791
Monday, September 29, 2025 11:40 PM IST
ചാരുംമൂട്: പ്രകൃതി രമണീയമായ പാലമേൽ പഞ്ചായത്തിലെ കരിങ്ങാലിൽചാൽ പുഞ്ചയോടു ചേർന്ന് ഇക്കോ ടൂറിസം പദ്ധതി വരുന്നു. പാലമേൽ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിൽ വരുത്താനുള്ള നടപടി ആരംഭിച്ചത്.
കരിങ്ങാലിൽചാൽ പുഞ്ചയോടു ചേർന്ന് റവന്യു വകുപ്പിന്റെ കീഴിലുള്ള മൂന്നര ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് പാലമേൽ പഞ്ചായത്ത് ഇക്കോ ടൂറിസം പദ്ധതി ലക്ഷ്യമിടുന്നത്.
ഇതിന്റെ ഡിപിആർ തയാറാക്കിയിട്ടുണ്ട്.100 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡിപിആർ തയാറാക്കിയിട്ടുള്ളത്.
സംസ്ഥാന സർക്കാരിന്റെയും എംഎൽഎയുടെയും പാലമേൽ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചത്.
ആദ്യഘട്ടമെന്ന നിലയിൽ ഫിഷറീസ് വകുപ്പിൽനിന്ന് 65 ലക്ഷം രൂപയും പദ്ധതി പ്രദേശത്ത് ഹാപ്പിനസ് പാർക്ക് നിർമിക്കാൻ വേണ്ട സ്ഥലത്ത് മണ്ണിടാൻ 35 ലക്ഷം രൂപയും പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്.
ഒരു കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. എം.എസ്. അരുൺ കുമാർ എംഎൽഎ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, പഞ്ചായത്തംഗങ്ങളായ ജസ്റ്റിൻ ജേക്കബ്, വേണു കാവേരി തുടങ്ങിയവർ ഇക്കോ ടൂറിസം പദ്ധതി പ്രദേശം സന്ദർശിച്ചു.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച് നിലകൊള്ളുന്ന പുഞ്ചയാണ് കരിങ്ങാലിൽചാൽ. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കാനാണ് തീരുമാനം.